യുവാവിനെ തട്ടിക്കൊണ്ടുപോയി 8 ലക്ഷം ആവശ്യപ്പെട്ടു, രണ്ടു പേർ അറസ്റ്റിൽ
യുവാവിനെ തട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തിൽ തടവിലാക്കി മോചന ദ്രവ്യം ആവശ്യപ്പെട്ട മട്ടന്നൂർ സ്വദേശി ജിഷ്ണു ജയൻ കോഴിക്കോട് സ്വദേശി അതുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുവന്ന് കോഴിക്കോട്ട് രഹസ്യകേന്ദ്രത്തിൽ ദിവസങ്ങളോളം തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ. അതുൽ (30) എന്നിവരെയാണ് ചേവായൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിൽ യുവതി ഉൾപ്പെടെയുള്ള മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
മലാപ്പറമ്പ് സ്വദേശിയായ യുവാവിനെയാണ് ആറംഗ സംഘം ബെംഗളൂരുവിലെ ഫ്ലാറ്റിൽനിന്ന് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ 24ന് ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയ സംഘം ഒരു യുവതിയുടെ പേര് പറഞ്ഞ് യുവാവിനെ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തെ രഹസ്യകേന്ദ്രത്തിലെത്തിച്ച് തടവിലാക്കിയെന്നാണ് പരാതി.
രഹസ്യകേന്ദ്രത്തിൽവച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയും ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ചിത്രങ്ങൾ യുവാവിന്റെ അമ്മയ്ക്ക് അയച്ചശേഷം എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദിക്കുകയും കത്തി ഉപയോഗിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തതായും യുവാവ് മൊഴി നൽകി.
കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചാണ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഈ മാസം നാലിന് രഹസ്യകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട യുവാവ് നേരിട്ട് പൊലീസിൽ ഹാജരായി പരാതി നൽകുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ 21കാരിയുമായി യുവാവിന് നേരത്തെ സൗഹൃദമുണ്ടായിരുന്നു. യുവതിയുടെ നിലവിലെ പങ്കാളിയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നായിരുന്നു ആദ്യം യുവാവ് കരുതിയത്. എന്നാൽ യുവതിക്കും സംഭവത്തിൽ പങ്കുണ്ടെന്നും ആസൂത്രിതമായാണ് തട്ടിക്കൊണ്ടുപോയതെന്നും പിന്നീട് മനസ്സിലായതായി യുവാവ് പറയുന്നു. അതേസമയം, യുവാവിനെതിരെ ആരോപണങ്ങളുമായി കേസിലെ പ്രതിയായ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. സൗഹൃദം മുതലെടുത്ത് യുവാവ് തന്റെ നഗ്നദൃശ്യങ്ങൾ പകർത്തി പണത്തിനായി വിറ്റുവെന്നും എംഡിഎംഎ ഉപയോഗിച്ചിരുന്ന യുവാവ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്ന് രക്തപരിശോധനയിലൂടെ തെളിയിക്കാൻ തയാറാണെന്നാണ് യുവാവിന്റെ മറുപടി.
യുവാവിനെതിരെ നേരത്തെ പോക്സോ കേസിൽ പരാതിയുണ്ടായിരുന്നെങ്കിലും തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സൈബർ പൊലീസിന്റെ സഹായത്തോടെ തുടരുന്ന അന്വേഷണത്തിൽ മറ്റ് പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ പി. പ്രമോദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

