ഗ്യാസ് കണക്ഷൻ ഇ കെവൈസി(e KYC) സമയ പരിധി നീട്ടി.
ഗ്യാസ് സബ്‌സീഡി തുടർന്നും ലഭിക്കുന്നതിനു വേണ്ടി എൽപിജി ഉപഭോക്താക്കൾ ഇ കെ വൈസി ചെയ്യേണ്ട തീയതി ഓഗസ്റ്റ് 23 വരെ നീട്ടി.
ന്യൂഡൽഹി: രാജ്യത്തെ എല്‍പിജി ഉപയോക്താക്കള്‍ക്ക് ഇ-കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് എണ്ണക്കമ്പനികള്‍. ഓഗസ്റ്റ് 16ന് കാലാവധി തീര്‍ന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 23 വരെ സമയം അനുവദിച്ചത്. ഗ്യാസ് ഏജന്‍സികളിലെ നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ നില്‍ക്കാതെ വീട്ടിലിരുന്ന് തന്നെ എല്‍പിജി ഇ-കെവൈസി പൂര്‍ത്തിയാക്കാം. സബ്‌സിഡി ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കുന്നതിനും, ഗ്യാസ് ബുക്കിംഗ് മുടങ്ങാതിരിക്കുന്നതിനും ഈ നടപടികള്‍ എല്ലാവരും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഇന്‍ഡെയ്ന്‍, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിവയുടെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും ഇ- കെവൈസി നിര്‍ബന്ധമാണ്. വ്യാജ- ബെനാമി കണക്ഷനുകള്‍ തടയാനും, അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മാത്രം ഗ്യാസ് സബ്‌സിഡി തുക കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്ന് ഉറപ്പാക്കാനുമാണ് കേന്ദ്രം ഇ- കെവൈസി നിര്‍ബന്ധമാക്കിയത്.
സമയപരിധി ഓഗസ്റ്റ് 16 ആയിരുന്നതിനാല്‍ അവസാന ദിവസങ്ങളില്‍ ഗ്യാസ് ഏജന്‍സികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒരേസമയം ലക്ഷക്കണക്കിന് ആളുകള്‍ മൊബൈല്‍ ആപ്പുകളും, പോര്‍ട്ടലുകളും ഉപയോഗിച്ചതോടെ സെര്‍വറുകള്‍ പണിമുടക്കുകയും സാങ്കേതിക തടസങ്ങള്‍ നേരിടുകയും ചെയ്തു. പതിനായിരകണക്കിന് ആളുകള്‍ക്ക് ഇതുമൂലം ഇ- കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുകൊണ്ടാണ് എണ്ണക്കമ്പനികള്‍ ഇ- കെവൈസി ഡെഡ്‌ലൈന്‍ ഓഗസ്റ്റ് 23 ലേയ്ക്ക് നീട്ടിയത്.
അനുവദിച്ച സമയപരിധിക്കുള്ളില്‍ ഇ- കെവൈസി പൂര്‍ത്തീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് ഗ്യാസ് സബ്‌സിഡി ആനുകൂല്യം ലഭിക്കില്ല. കൂടാതെ സിലിണ്ടര്‍ ബുക്കിംഗ് തടസപ്പെടാനോ, സബ്‌സിഡി ഇല്ലാത്ത ഉയര്‍ന്ന വാണിജ്യ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ വാങ്ങേണ്ട സാഹചര്യമോ ഉണ്ടാകാം.

