തിരുവനന്തപുരം - എറണാകുളം റൂട്ടിൽ എക്സിക്യൂട്ടീവ് ക്ലാസ് ബസ് വ്യാഴാഴ്ച മുതൽ
കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് സർവീസ് തിരുവനന്തപുരം എറണാകുളം റൂട്ടിൽ വ്യാഴാഴ്ച മുതൽ ആരംഭിക്കും
തിരുവനന്തപുരം;വിമാനത്തിനു സമാനമായ സൗകര്യങ്ങളുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം എറണാകുളം പാതയിൽ വ്യാഴാഴ്ച്ച ഓടിത്തുടങ്ങും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുത്തുനിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് 9.45-ന് എറണാകുളത്തെത്തും. വൈകിട്ട് 5.30ന് എറണാകുളത്തുനിന്ന് തിരികെ പുറപ്പെട്ട് രാത്രി 9.45-ന് തലസ്ഥാനത്തെത്തും. വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെയാണ് ഇരു സർവീസുകളുടെയും സമയക്രമീകരിച്ചത്. ഇതേറൂട്ടിൽ വന്ദേഭാരതിൽ ചെയർകാറിന് 690 രൂപയാണ് ടിക്കറ്റ്‌നിരക്ക്.
കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിലാണ് ഇടയ്ക്ക് സ്റ്റോപ്പുള്ളത്. മുപ്പത്തി ഒന്ന് സീറ്റുകളാണുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരിലേക്ക് യാത്ര നീട്ടുന്നതും പരിഗണനയിലുണ്ട്.
കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്ത് വാങ്ങിയ ബസുകൾ ബിസിനസ് ക്ലാസ് എന്ന പേരിൽ നിരത്തിൽ ഇറക്കാനാണ് തീരുമാനിച്ചിരുന്നത്. ഭരണം മാറിയതോടെ പേര് എക്‌സിക്യുട്ടീവ് ക്ലാസ് എന്നാക്കി. എയർ ഹോസ്റ്റസ് മാതൃകയിൽ ബസിൽ ബസ് ഹോസ്റ്റസുണ്ടാകും. സ്വിഫ്റ്റ് ജീവനക്കാരെയാകും നിയോഗിക്കുക. ഇതിനൊപ്പം വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ ബെംഗളൂരു പാതയിൽ ഓടിത്തുടങ്ങിയിട്ടുണ്ട്.

