പെരുമണ്ണയിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
പെരുമണ്ണ തെക്കേ പാടത്തുള്ള പഞ്ചായത്ത് ചാലി കുളത്തിൽ പെരുമണ്ണ സ്വദേശിയായ ഷഹൽ ഷാ (17) ആണ് മരിച്ചത്
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. പെരുമണ്ണ തെക്കേ പാടത്തുള്ള പഞ്ചായത്ത് ചാലിക്കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്. പെരുമണ്ണ സ്വദേശിയായ ഷഹൽ ഷാ (17) ആണ് മരണപ്പെട്ടത്.
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഷഹൽ പെട്ടെന്ന് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും വിവരമറിഞ്ഞെത്തിയ പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

