നേപ്പാളിൽ മിന്നൽ പ്രളയം 157 പേർ മരിച്ചു.
നേപ്പാളിലെ ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളുണ്ടായ മിന്നൽ പ്രളയത്തിൽ 157 പേർ മരിക്കുകയും ഇന്ത്യക്കാരുൾപ്പെടെ 750 ലധികം പേരെ കാണാതാവുകയും ചെയ്തു.
കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ 157 പേർ മരണപ്പെടുകയും ഇന്ത്യക്കാർ ഉൾപ്പെടെ 750-ലധികം ആളുകളെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. നേപ്പാള്‍ സൈന്യം, നേപ്പാള്‍ അംഡ് പൊലീസ് ഫോഴ്‌സ്, നേപ്പാള്‍ പൊലീസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബീര്‍ ഹോസ്പിറ്റല്‍, നാഷണല്‍ ട്രോമ സെന്റര്‍ എന്നിവിടങ്ങളില്‍ 100 ലേറെ കിടക്കകള്‍ പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്കായി മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പ്രാദേശിക സമയം രാവിലെ 8:37-ന് ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. 291 വിദേശികളും 93 നേപ്പാളി പൗരന്മാരും അടക്കം 384 സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു. കൈലാസ് യാത്രയ്ക്ക് പോയ 77 തീര്‍ത്ഥാടകരെ കാണാനില്ലെന്ന് ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയഗുരുവുമായ ജഗ്ഗി വാസുദേവ് അറിയിച്ചു. കൈലാസ യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കൈലാസ തീര്‍ത്ഥാടന ഗ്രൂപ്പുകളിലൊന്നില്‍ നിന്നുള്ള 77 തീര്‍ത്ഥാടകര്‍ ടിബറ്റിലെ ഗൈറോങ്ങിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ നില്‍ക്കെയാണ് പ്രളയജലം ഇരച്ചെത്തിയത്. വെള്ളപ്പൊക്കത്തില്‍ ഇമിഗ്രേഷന്‍ കെട്ടിടത്തിന്റെ ഭൂരിഭാഗവും മുങ്ങിയതായാണ് വിവരമെന്നും ജഗ്ഗി വാസുദേവ് അറിയിച്ചു. അതേസമയം, അപകടസ്ഥലത്ത് കുടുങ്ങിപ്പോയ മലയാളി വിനോദസഞ്ചാരി സംഘം സുരക്ഷിതരാണെന്നാണ് സൂചന. ഗലാച്ചിയിലാണ് കാസര്‍കോടു നിന്നുള്ള 36 അംഗ ടൂറിസ്റ്റ് സംഘം കുടുങ്ങിയത്.

