എഥനോളിന്റെ അളവ് പ്രദർശിപ്പിക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി
പെട്രോളിൽ എഥനോളിന്റെ അളവ് പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി സുപ്രീംകോടതി ബെഞ്ച് തള്ളി
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ അടങ്ങിയിരിക്കുന്ന എഥനോളിന്റെ കൃത്യമായ ശതമാനം പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് അഡ്വ. നരേന്ദ്ര കുമാര്‍ ഗോസ്വാമി സമര്‍പ്പിച്ച ഹരജി നിരസിച്ചത്.
വിഷയത്തില്‍ പരാതിയുണ്ടെങ്കില്‍ ഹരജിക്കാരന് ബന്ധപ്പെട്ട ഭരണഘടനാ അധികാരികളെയോ മന്ത്രാലയങ്ങളെയോ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. പെട്രോള്‍ പമ്പുകളിലെ ഡിസ്‌പെന്‍സിങ് നോസിലുകളില്‍ എഥനോള്‍ അളവ് രേഖപ്പെടുത്തണമെന്നും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകളില്‍ ഇത് വ്യക്തമാക്കണമെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ഇതോടൊപ്പം, പഴയ വാഹനങ്ങളില്‍ 'ഇ20' (E20 20% എഥനോള്‍ കലര്‍ന്ന പെട്രോള്‍) ഇന്ധനം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മൈലേജ് കുറവ്, എന്‍ജിന്‍ കേടുപാടുകള്‍, വാറന്റി പ്രശ്‌നങ്ങള്‍ എന്നിവ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഹരജിയെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി, എഥനോള്‍ ബ്ലെന്‍ഡിംഗ് നയത്തിനെതിരായ ഹരജികള്‍ കോടതി നേരത്തെ തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടി. താന്‍ നയത്തെ ചോദ്യം ചെയ്യുകയല്ലെന്നും ഇന്ധനം വാങ്ങുന്ന ഉപഭോക്താവിന്റെ അറിയാനുള്ള അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്ത മാക്കിയെങ്കിലും ഹരജി പരിഗണിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.അതേസമയം, ഇ20 ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പെട്രോളില്‍ ക്ലോറൈഡ്, ഈര്‍പ്പം എന്നിവയുടെ അളവ് കുറയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്ത് നിശ്ചിത സമയപരിധിക്കും അഞ്ച് വര്‍ഷം മുമ്പ് തന്നെ 20 ശതമാനം എഥനോള്‍ മിശ്രിതം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു

