റെക്കോർഡ് വരുമാനവുമായി കെഎസ്ആർടിസി
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഓണക്കാലത്ത് എല്ലാ ദിവസവും വരുമാന വർദ്ധനവ് ഉണ്ടായതായി കെഎസ്ആർടിസി കണക്കുകൾ വ്യക്തമാക്കുന്നു
തിരുവനന്തപുരം: ഷെഡ്യൂള്‍ പാലനത്തിലെ കൃത്യതയും, ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ യൂണിറ്റുകള്‍ക്ക് ലഭ്യമായ തത്സമയ നിരീക്ഷണ സൗകര്യങ്ങളും കെ എസ് ആര്‍ ടി സിയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നു.
ഈ വർഷം ആഗസ്റ്റ് 31ലെ ടിക്കറ്റ് വരുമാനം 10.82 കോടി രൂപയായി ഉയര്‍ത്താന്‍ കഴിഞ്ഞത് കെ എസ് ആര്‍ ടി സിക്ക് പ്രത്യാശ നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഓണാവധിക്കു ശേഷമുള്ള ആദ്യ ദിനമായ സെപ്തംബര്‍ എട്ട് തിങ്കളാഴ്ച ടിക്കറ്റ് വരുമാനം10.19 കോടി രൂപ ആയിരുന്നു. ഇതിനെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ, അതായത് 6.14 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
വരുമാന കാര്യക്ഷമതയിലും ഈ പുരോഗതി പ്രതിഫലിക്കുന്നു. ഒരു ബസില്‍ നിന്നുള്ള ശരാശരി വരുമാനം 23,477 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 22,123 രൂപയായിരുന്നു. ഇതിനോടൊപ്പം ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം 69.09 രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 64.89 രൂപയായിരുന്നു. അതായത്, ഓരോ ബസും ഓരോ കിലോമീറ്ററും കൂടുതല്‍ ഫലപ്രദമായി വരുമാനം നേടി. 31ന് 4,641 ബസുകള്‍ സര്‍വീസ് നടത്തി. 4,461 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് യഥാക്രമം 4,528 ബസുകളും 4,417 ഷെഡ്യൂളുകളുമായിരുന്നു. ഓണാഘോഷത്തിനു ശേഷമുള്ള മടക്കയാത്രാ തിരക്ക് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കോര്‍പ്പറേഷന് കഴിഞ്ഞു.
ജീവനക്കാരുടെ ക്ഷേമകാര്യങ്ങളിലും, ശമ്പളവും അലവന്‍സുകളും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ സമയോജിതമായി നടത്തിയ പ്രവര്‍ത്തങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയ ആത്മവിശ്വാസം നേട്ടത്തിന് കാരണമായതായി കോര്‍പ്പറേഷന്‍ വിലയിരുത്തുന്നു.

