5000 രൂപയുടെ പിഴ കോടതി ഇടപെട്ടപ്പോൾ 50,000 ആയി
രൂപ മാറ്റം വരുത്തിയ ജീപ്പിന് മോട്ടോർ വാഹന വകുപ്പ് 5000 രൂപ പിഴയിട്ടത് ഹൈക്കോടതി ഇടപെട്ടപ്പോൾ 50,000 രൂപയായി വർദ്ധിച്ചു.
പത്തനംതിട്ട: അടൂരിൽ മോട്ടോർ വാഹന വകുപ്പ് രൂപമാറ്റം വരുത്തിയ ജീപ്പിന് 5000 രൂപ പിഴയിട്ടത് ഹൈക്കോടതി ഇടപെട്ടപ്പോൾ 50000 രൂപയായി വർദ്ധിപ്പിക്കേണ്ടി വന്നു.കുളനട സ്വദേശിയായ അമൽ വിദ്വാന്റെ ജീപ്പിനെതിരെയാണ് നടപടി. രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് 5000 രൂപ പിഴയിട്ടിരുന്നു . ഇത് ഉടമ അടക്കുകയും ചെയ്തു.
എന്നാൽ പ്രളയ ദുരിതാശ്വാസത്തിന് പോകുന്ന വാഹനമായിരുന്നു എന്ന് ആരോപിച്ച് അടൂർ എംഎൽഎ അബിൻ വർക്കി പിഴയിട്ടതിനെ ശക്തമായി പ്രതിഷേധിച്ചിരുന്നു. അദ്ദേഹം കൊടുത്ത പരാതിയുടെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ട് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു .
എന്നാൽ ഈ കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ വാഹനത്തിൽ വരുത്തിയ ഓരോ രൂപ മാറ്റങ്ങൾക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതോടെ ഈ വാഹനത്തിന് 50,000 രൂപ പിഴ അടക്കണമെന്നും വാഹനം പൂർവ്വസ്ഥിതിയിലാക്കി പരിശോധനയ്ക്ക് ഹാജരാക്കണമെന്നും പത്തനംതിട്ട റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ നോട്ടീസ് നൽകി. ഹൈക്കോടതി ഇടപ്പെട്ടതോടെ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കുകയും ചെയ്തു. അധികമായി ലൈറ്റ് ഫിറ്റ് ചെയ്യുകയോ വാഹനം രൂപമാറ്റം ചെയ്യുന്ന ഉടമകൾ ശ്രദ്ധിക്കുക ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ അടയ്ക്കേണ്ടി വരും.

