ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ
അട്ടപ്പാടി ഭവാനിപ്പുഴയിൽ ഒരു സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് മൂന്ന് ചാക്ക് കെട്ടുകളിലായി കണ്ടുകിട്ടിയത്
അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ തല അറുത്തുമാറ്റിയ നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയനിലയിൽ പുഴയിൽ കിടന്ന മൃതദേഹങ്ങൾ നാട്ടുകാരാണു കണ്ടെത്തിയത്. സംഭവമറിഞ്ഞയുടൻ പുതൂർ, അഗളി, ഷോളയൂർ സ്റ്റേഷനുകളിൽനിന്നു പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ ഊർജിതമാക്കി.
. ശരീരഭാഗങ്ങൾ മൂന്നു ചാക്കുകളിലാക്കി കെട്ടിയനിലയിൽ ഭവാനിപ്പുഴ ചീരക്കടവിൽ മൂന്നു സ്ഥലങ്ങളിലായാണു കിടന്നിരുന്നത്. ഏതാണ്ട് 500 മീറ്റർ വരെ അകലങ്ങളിലായിരുന്നു ചാക്കുകൾ. ഒരു ചാക്കിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും തലകളും മറ്റു ചാക്കുകളിൽ ഉടലുകളും കണ്ടെത്തി.
. അഗളി ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
. സംഭവത്തിൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു. മൃതദേഹങ്ങൾക്ക് നാലു ദിവസത്തെ പഴക്കമുണ്ടാകാമെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

