ബൈക്കിൽ കണ്ടെയ്നർ ലോറി തട്ടി അധ്യാപികയ്ക്കും മകനും പരിക്ക്
നന്ദി മേൽപ്പാലത്തിന് സമീപം ബൈക്കിൽ കണ്ടെയ്നർ ലോറി തട്ടി കുറുവങ്ങാട് ചെറിയേരി എം എൽ പി സ്കൂൾ അധ്യാപിക സുനീറയ്ക്കും മകനും പരിക്കേറ്റു.
പയ്യോളി: നന്തി മേൽപ്പാലത്തിന് സമീപം ബൈക്കിൽ കണ്ടെയിനർ ലോറിയിടിച്ച് അധ്യാപികയ്ക്കും മകനും പരിക്കേറ്റു. കൊയിലാണ്ടി കുറുവങ്ങാട് ചെറിയേരി എം.എൽ.പി. സ്കൂൾ അധ്യാപിക എം.സി. സുനീറ (44), ബൈക്ക് ഓടിച്ചിരുന്ന മകൻ മുഹമ്മദ് മിൻഹാജ് (24) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. അപകടത്തിന് ശേഷം കണ്ടെയിനർ ലോറി നിർത്താതെ ഓടിച്ചുപോയി.
. ഇരുവരും ബൈക്കിൽ വടകര ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ നന്തി മേൽപ്പാലം ഇറങ്ങുമ്പോൾ അതേദിശയിൽ വന്ന ലോറി തട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അധ്യാപിക സുനീറയുടെ പരിക്ക് സാരമുള്ളതാണ്.
. സംഭവത്തിൽ ലോറി കണ്ടെത്താനായി പയ്യോളി, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

