ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു
നിലമ്പൂരിൽ രാത്രിയിൽ വീടിനു പുറത്ത് വെച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മുൻ എക്സൈസ് കമ്മീഷണർ മുരളി കുമാറിന്റെ വീട് ഭാഗികമായി തകർന്നു
നിലബൂർ: നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. റിട്ട.എക്സൈസ് കമ്മീഷണർ മുരളീകുമാറിന്‍റെ നിലമ്പുർ ടൗണിലെ വീട്ടിൽ ചൊവാഴ്ച പുലർച്ചെ 1.30നും 2നും ഇടയിലാണ് സംഭവം. വൻ ശബ്ദത്തോടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
. വീടിന്‍റെ ഒരു വശം പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ മുരളീകുമാറും ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടെയുള്ളവർ വീട്ടിൽ ഉറങ്ങുകയായിരുന്നു. ഇവർ അപകടവിവരം അറിഞ്ഞിരുന്നില്ല. അപകടമറിഞ്ഞ് അയൽക്കാർ വീട്ടുകാരുടെ ഫോണിലേക്കു വിളിച്ചെങ്കിലും ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോണുകൾ സൈലന്‍റ് മോഡിൽ ആയിരുന്നതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
. തുടർന്ന് അയൽവാസികൾ ശബ്ദമുണ്ടാക്കി അറിയിച്ചതോടെയാണ് അപകടം വീട്ടുകാർ അറിയുന്നത്. നിലമ്പൂർ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സംഭവസ്ഥലത്തെത്തി ഒരു മണിക്കൂറോളം നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
. പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടലിലാണ് കുടുംബാംഗങ്ങളുടെ ജീവൻ രക്ഷപ്പെട്ടത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. കൂൺ കൃഷി ഉൾപ്പെടെ ഇവിടെ ചെയ്യുന്നുണ്ട്. സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ ഈ ഭാഗവും തകർന്നു.

