ചികിത്സ സേവനങ്ങളും ആശുപത്രികളും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ : സുപ്രീം കോടതി
ഡോക്ടർമാരുടെയും ആശുപത്രികളുടെയും സേവനം നിയമപരമായി ഉറപ്പാക്കുന്നതിൽ ഈ വിധി നിർണായകമെന്ന് ഉപഭോക്തൃ സംഘടനകൾ .
ന്യൂഡൽഹി: ചികിത്സാ സേവനങ്ങളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ക്യുറേറ്റീവ് ഹരജി സുപ്രീംകോടതി തള്ളി. 1995-ലെ ചരിത്രപ്രസിദ്ധമായ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഈ ഹരജി തള്ളിയ നടപടിയെ ഉപഭോക്തൃ അവകാശ പ്രവർത്തകരും നിയമവിദഗ്ധരും വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. ഡോക്ടർമാരുടെയും ആശുപത്രികളുടെയും ഉത്തരവാദിത്തം നിയമപരമായി ഉറപ്പാക്കുന്നതിൽ ഈ വിധി നിർണായകമാണെന്ന് അവർ അഭിപ്രായപ്പെടുന്നു
. 1995-ലെ വിധിയായ 'ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വേഴ്സസ് വി.പി. ശാന്ത' കേസിനെതിരെ മെഡിക്കോ ലീഗൽ സർവീസസ് ഓഫ് ഇന്ത്യ സമർപ്പിച്ച ക്യൂറേറ്റീവ് ഹരജിയാണ് കോടതി തള്ളിയത്.
. ഈ നിയമം ഡോക്ടർമാർക്ക് എതിരല്ലെന്നും മറിച്ച് രോഗികൾക്ക് കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഒരു രോഗിയെ പൂർണ്ണമായി സുഖപ്പെടുത്താൻ കഴിഞ്ഞില്ല എന്നതുകൊണ്ട് മാത്രം ഡോക്ടർമാർ കുറ്റക്കാരാകില്ല. എന്നാൽ നിശ്ചിത ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും അത് രോഗിക്ക് ദോഷം ചെയ്യുകയും ചെയ്യുമ്പോൾ നഷ്ടപരിഹാരം നൽകാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും അത്യാഹിത ഘട്ടങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ ഉപഭോക്തൃ കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. ആനന്ദ് പട്‌വർദ്ധൻ ചൂണ്ടിക്കാണിച്ചു

