ആൺകുട്ടികൾക്കും ഇഷ്ടംപോലെ മുടി വളർത്താം: ബാലാവകാശ കമ്മീഷൻ
രാമനാട്ടുകര സ്വദേശി ബിന്ദു മേനോൻ നൽകിയ ഹർജിയും കോട്ടയ്ക്കൽ സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ബാലവകാശ കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കർ വ്യക്തമാക്കിയത്
തിരുവനന്തപുരം: ആൺകുട്ടികൾക്കും അവരുടെ താല്പര്യപ്രകാരം തലമുടി വളർത്തുന്നതിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. മുടിയുടെ നീളത്തിന്റെ പേരിലോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും സ്കൂൾ അധികൃതർ മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസ്സിൽ നിന്ന് മാറ്റിനിർത്താനോ, വിവേചനപരമായി പെരുമാറാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി. വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
. അതേസമയം, കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കാനുള്ള ചുമതല കുട്ടികൾക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി നിർബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ ചെയ്യണം. എന്നാൽ, ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ, ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണ അവകാശമുണ്ടായിരിക്കും.
. ഈ വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പോ സി.ബി.എസ്.ഇ.യോ നിലവിൽ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ അടിയന്തിരമായി മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും, ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിച്ച് അവരെക്കൂടി കേട്ട ശേഷമായിരിക്കണം സ്കൂളുകൾക്കുള്ള നിർദേശങ്ങൾക്ക് അന്തിമരൂപം നൽകേണ്ടതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷന്റെ ശുപാർശയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കാനും നിർദേശമുണ്ട്.
. രാമനാട്ടുകര സ്വദേശി ഇന്ദുമേനോൻ നൽകിയ ഹർജിയും, കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും സംയുക്തമായി പരിഗണിച്ചാണ് ബാലാവകാശ കമ്മീഷൻ ചരിത്രപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളുകളിൽ ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും മുടി നീട്ടിവളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ഇന്ദുമേനോൻ കമ്മീഷനെ സമീപിച്ചിരുന്നത്.

