കുട്ടികളുടെ ആധാർ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യണം.
കുട്ടികളുടെ ആധാർ അഞ്ചു വയസ്സിലും 15 വയസ്സിലും ബയോമെട്രിക് പുതുക്കുന്നത് സെപ്റ്റംബർ 30 വരെ സൗജന്യമായി ചെയ്യാവുന്നതാണ് .
ന്യൂഡൽഹി: ആധാർ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ്. സ്കൂൾ അഡ്മിഷൻ മുതൽ സർക്കാർ സേവനങ്ങൾക്കും സ്കോളർഷിപ്പുകൾക്കും വരെ ആധാർ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ആധാർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യേണ്ടത് ഓരോ രക്ഷിതാവിന്റെയും ഉത്തരവാദിത്തമാണ്.
. 2018ലാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) കുട്ടികൾക്കായി പ്രത്യേകം നീല നിറത്തിലുള്ള 'ബാൽ ആധാർ' കാർഡ് അവതരിപ്പിച്ചത്. ആധാർ ആക്ട് 2016ലെ സെക്ഷൻ 3(1) പ്രകാരം കുട്ടികൾ ഉൾപ്പെടെ എല്ലാ താമസക്കാർക്കും ആധാർ നമ്പർ ലഭിക്കാൻ അർഹതയുണ്ട്.
. 5 വയസ്സ് വരെ കുട്ടികൾക്ക് ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. രക്ഷിതാക്കളിൽ ഒരാളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടിയുടെ ആധാർ നൽകുന്നത്. എന്നാൽ കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ ആദ്യമായി ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും നൽകണം.
. വിരലടയാളം, ഐറിസ് സ്കാൻ, പുതിയ ഫോട്ടോ എന്നിവ ആധാർ ഡാറ്റാബേസിൽ ചേർക്കും. പിന്നീട് കുട്ടിക്ക് 15 വയസ്സ് തികയുമ്പോൾ വീണ്ടും ബയോമെട്രിക് അപ്ഡേറ്റ് നിർബന്ധമാണ്. കുട്ടി വളരുന്നതിനനുസരിച്ച് ശാരീരിക സവിശേഷതകൾ, പ്രത്യേകിച്ച് വിരലടയാളങ്ങൾ ഗണ്യമായി മാറുന്നതിനാലാണ് ഈ അപ്ഡേറ്റ് ആവശ്യമായി വരുന്നത്. കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യാതിരുന്നാൽ സ്കൂളിലോ സർക്കാർ സേവനങ്ങൾക്കോ ആധാർ ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
. 5 വയസ്സിലും 15 വയസ്സിലും ചെയ്യേണ്ട നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റുകൾ സെപ്റ്റംബർ 30 വരെ പൂർണ്ണമായും സൗജന്യമാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സമയപരിധി കഴിഞ്ഞാൽ രക്ഷിതാക്കൾ 125 രൂപ ഫീസ് നൽകേണ്ടി വരും. എന്നാൽ ആദ്യമായി ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നവരിൽ നിന്ന് സെപ്റ്റംബർ 30, 2026ന് ശേഷവും ഫീസ് ഈടാക്കില്ല എന്നതും ശ്രദ്ധേയമാണ്.
. കുട്ടികളുടെ ആധാർ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ രക്ഷിതാക്കൾ കുട്ടികളുമായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ എത്തണം. രക്ഷിതാവിന്റെ ആധാർ കാർഡ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, മേൽവിലാസ തെളിവ്, റേഷൻ കാർഡ്, കുട്ടിയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ ഇവയൊക്കെ കയ്യിൽ കരുതേണ്ടതാണ്.

