headerlogo
recents

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെയാണ് കോഴിക്കോട് നർകോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയത്.

 നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
avatar image

NDR news

27 Sep 2026 06:22 PM

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെയാണ് കോഴിക്കോട് നർകോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്നത് ജീവൻ ജോർജായിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലെത്തിയ സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. ഒന്നാം പ്രതിയായ ഡോ. എം കെ റാമിന് പുറമെ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ രണ്ട് അധ്യാപകരെക്കൂടി കഴിഞ്ഞ ദിവസം കേസിൽ പ്രതിചേർത്തിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായി നിതിൻ രാജിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്.

.   നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഡോ എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് മാറ്റണമെന്ന് ഒരു ഘട്ടത്തിൽ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിലെ വീഴ്ചയെ തുടർന്ന് നേരത്തെ കോടതി അദ്ദേഹത്തെ വിട്ടയച്ചിരുന്നു. അറസ്റ്റ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതും അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ എഴുതി നൽകണമെന്ന വ്യവസ്ഥ പാലിക്കാത്തതുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. പിന്നീട് കോടതി പരിസരത്തുനിന്ന് റാമിനെ പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു. തുടർന്ന് തലശേരി ജില്ലാ സെഷൻസ് കോടതി റാമിന് ജാമ്യം അനുവദിച്ചു. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കുന്നതിന് വിലക്ക് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ 10നാണ് മരിച്ചത്. കോളേജ് കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നു. അധ്യാപകരിൽനിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പൊലിസിന് നൽകിയ മൊഴി.

NDR news
27 Sep 2026 06:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents