എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ കയറി പൊലീസ് അതിക്രമം
നന്ദന്റെ വീട്ടിലേക്ക് പൊലീസ് എത്തുന്നതും അത് നാട്ടുകാര്‍ തടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തിരുവന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുെട വീട്ടില്‍ കയറി പൊലീസ് അതിക്രമം എന്ന് പരാതി. നന്ദന്റെ അമ്മ മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ പൊലീസ് എത്തി മോശമായി പെരുമാറിയെന്നും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആരോപണമുണ്ട്. കന്റോണ്‍മെന്റ് പൊലീസാണ് നന്ദന്റെ വീട്ടില്‍ എത്തിയത്. വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ നന്ദനെ പാര്‍ട്ടി ഓഫീസില്‍ കയറി എടുക്കും എന്നായിരുന്നു എസ് ഐ ഗോകുല്‍ ഗോപന്റെ ഭീഷണി. എന്നാല്‍ വീട് പരിശോധിക്കാന്‍ പോയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
ഇന്ന് രാവിലെ 11 മണിയോടെയാണ് നന്ദന്റെ വീട്ടിലേക്ക് പൊലീസ് എത്തിയതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും എസ്എഫ്‌ഐ പുറത്തുവിട്ടിട്ടുണ്ട്. നന്ദന്റെ വീട്ടിലേക്ക് പൊലീസ് എത്തുന്നതും അത് നാട്ടുകാര്‍ തടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗോകുല്‍ ഗോപന്റെ ഭീഷണിക്ക് പിന്നാലെ ഇന്നലെ എസ്‌ഐയുടെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ വ്യക്തിവൈരാഗ്യമാണ് ഗോകുല്‍ ഗോപന്‍ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. നന്ദന്റെ വീട്ടിലേക്കെത്തിയ പൊലീസ് അമ്മയോട് വളരെ മോശമായി സംസാരിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ ഇടപെട്ട് സ്ഥിതി വഷളാകുന്നെന്ന് കണ്ടപ്പോള്‍ പൊലീസ് പിന്‍വാങ്ങുകയായിരുന്നു എന്നും വിവരമുണ്ട്.
അടിയന്തരാവസ്ഥക്കാലത്തല്ലാതെ ഇത്തരത്തില്‍ പൊലീസ് പെരുമാറിയിട്ടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വിമര്‍ശിച്ചു. ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ പൊലീസിന്റെ ഹീനമായ പ്രവർത്തിയെ ന്യായീകരിക്കുകയാണ്. അതിന്റെ പിന്തുണയിലാണ് സംസ്ഥാനത്ത് ക്രിമിനല്‍ പൊലീസിങ് നടക്കുന്നത്. കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പൊലീസും ഡിസിപിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുമാണ് നന്ദന്റെ വീട്ടിലേക്ക് എത്തിയതെന്ന് സഞ്ജീവ് വിശദീകരിച്ചു. അമ്മയെ അടക്കം ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏത് കേസിലാണ് ഇവര്‍ നന്ദനെ അന്വേഷിച്ച് വന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷമാണ് കേസെങ്കില്‍ അവിടെ നന്ദന്‍ ഉണ്ടായിരുന്നില്ലെന്നും അന്ന് വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി അദ്ദേഹം കോവളത്തായിരുന്നെന്നും സഞ്ജീവ് വ്യക്തമാക്കി.
എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയതെന്ന് വിശദീകരിക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ ആക്രമണം അഴിച്ചുവിടുന്ന ഗുണ്ടാ സംഘമായി കേരളത്തിലെ പൊലീസ് മാറിയിരിക്കുന്നെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ക്രമസമാധാനം നിലനില്‍ക്കേണ്ട പൊലീസ് തന്നെ അത് തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നെന്നും ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐക്കാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സഞ്ജീവ് ആരോപിച്ചു.
കന്റോണ്‍മെന്റ് സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദൻ ആരോപിച്ചു. കന്റോണ്‍മെന്റ് സി ഐ പ്രകോപന പോസ്റ്റ് ഇടുന്നെന്ന് സി ഐ യുടെ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തി നന്ദൻ വിശദീകരിച്ചു. കേരള പൊലീസിനെ ആകെ കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാല്‍ മറ്റൊരു സ്റ്റേഷനിലും ഇല്ലാത്ത സമീപനമാണ് കന്റോണ്‍മെന്റ് സ്റ്റേഷനിലെന്നും നന്ദന്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഫോണില്‍ നിന്ന് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ട് ഇതുവരെ നടപടിയില്ല. എന്തിനാണ് പൊലീസ് ഇങ്ങനെ വേട്ടയാടുന്നത്. ഇങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണോ പൊലീസ് ഉദ്യോഗസ്ഥന്‍ പെരുമാറേണ്ടതെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ചോദിച്ചു. കന്റോണ്‍മെന്റ് സ്റ്റേഷന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് സംഘടനയാണ്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വലിയ ചര്‍ച്ച ഇതാണെന്നും മറ്റൊരു വിഷയവും ഇപ്പൊള്‍ ചര്‍ച്ചയില്‍ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരം ഇവിടംകൊണ്ട് അവസാനിപ്പിക്കില്ലെന്നും യൂണിഫോം ശരീരത്ത് കയറിയാല്‍ എന്തും ചെയ്യാം എന്ന നിലപാട് ശരിയല്ലെന്നും നന്ദന്‍ മുന്നറിയിപ്പ് നല്‍കി.

