കെഎസ്ആർടിസിയുടെ മുപ്പത്തഞ്ച് ശതമാനം ബസുകളും 15 വർഷം കഴിഞ്ഞത്
കെഎസ്ആർടിസിയുടെ 5755 ബസുകളിൽ 1914 ബസുകളും 15 വർഷത്തിലേറെ പഴക്കമുള്ളത് ഇതിൽ 1892 എണ്ണം ഓർഡിനറി ബസുകളാണ്.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം കോർപ്പറേഷന്‍റെ പക്കൽ സ്വിഫ്റ്റ് ഉൾപ്പെടെ ആകെ 5,755 ബസുകളാണ് ഉള്ളത്. ഇതിൽ 2988 എണ്ണം ഓർഡിനറി ബസ്സുകൾ ആണ് . എന്നാൽ ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്താണ്. സി എഫ് റിപ്പയർ, അപകടങ്ങളെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വിവിധ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലുമായി കിടക്കുന്നത് 665 ബസുകളാണ്. ഇതിൽ 281 ഓർഡിനറി ബസുകളും, 58 ജെഎൻഎൻയുആർഎം നോൺ-എസി ബസുകളും, 50 ഫാസ്റ്റ് പാസഞ്ചറുകളും ഉൾപ്പെടുന്നു. കൂടാതെ ഏഴ് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലാണ്.
. കാലാവധി കഴിഞ്ഞ പഴഞ്ചൻ ബസുകളാണ് സർവീസുകളിൽ ഭൂരിഭാഗവും എന്ന വസ്തുതയും രേഖകൾ സ്ഥിരീകരിക്കുന്നു. 1,892 ഓർഡിനറി ബസുകളും 22 ജെൻറം വോൾവോ ലോ ഫ്ലോർ എസി ബസുകളും ഉൾപ്പെടെ ആകെ 1,914 ബസുകൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്. കാലപ്പഴക്കംചെന്നതും അധിക അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതുമായ ബസുകൾ സെൻട്രൽ അല്ലെങ്കിൽ റീജിയണൽ വർക്ക്ഷോപ്പുകൾ മുഖേന വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ഈ സമിതി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എം/എസ് എം.എസ്.ടി.സി (M/s MSTC)മുഖേനയാണ് വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള 82 ബസുകൾ സ്ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

