ബിജെപി കൗൺസിലർ ആർ സുഗതന് ആശ്വാസം.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് കൗണ്‍സിലര്‍ ആര്‍ സുഗതന് ആശ്വാസം. സുഗതനെതിരായ കാപ്പ കരുതൽ തടങ്കൽ റദ്ദാക്കി ഹൈക്കോടതി. ഇതോടെ സുഗതന് ഉടൻ ജയിലിന് പുറത്തിറങ്ങാനാകും. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സുഗതനെതിരെ കാപ്പ ചുമത്തിയെന്ന ഭാര്യ അശ്വതിയുടെ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. പിന്നാലെയാണ് ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
. അന്യായമായാണ് സുഗതനുമേൽ കാപ്പ ചുമത്തിയിരി ക്കുന്നതെന്നും, ഇത് രാഷ്ട്രീയപ്രേരിതമാണ് എന്നുമാണ് ഹർജിയിൽ സുഗതന്റെ ഭാര്യ ഉന്നയിച്ചിട്ടുള്ള പ്രധാന വാദങ്ങൾ. സുഗതൻ നഗരസഭാ കൗൺസിലിൽ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനായി സിപിഎമ്മും കോൺഗ്രസും ചേർന്ന നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, കാപ്പ കേസിൽ സുഗതന്റെ അറസ്റ്റ് നടന്നത് നിയമക്രമങ്ങളെല്ലാം പാലിച്ചല്ല എന്നും അവർ ഹർജിയിൽ പറഞ്ഞു.

