യാത്രക്കാർക്ക് സൗകര്യാർത്ഥം മാവൂർ റോഡിനു കുറുകെ ഓവർ ബ്രിഡ്ജ് വരുന്നു
പുതിയ സ്റ്റാൻഡിനടുത്ത് മാവൂർ റോഡിൽ എസ്കലേറ്റർ സൗകര്യമുള്ള ഓവർ ബ്രിഡ്ജ് സ്ഥാപിക്കാൻ കോർപറേഷൻ തീരുമാനമായി.
കോഴിക്കോട്:കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്ഡിന് സമീപം കാല്‍നടയാത്രികർക്കായി മർകസ് കോംപ്ലക്സ് ഭാഗത്തേക്കാണ് എസ്കലേറ്റർ നിർമിക്കുക. പൊതുവേ തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ കാല്‍നട യാത്രികർക്ക് എസ്കലേറ്റർ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.സ്റ്റേഡിയം ഭാഗത്ത് നേരത്തെ എസ്കലേറ്റർ സംവിധാനമുള്ള ആകാശനടപ്പാത നിർമിച്ചിരുന്നു.വാർഷിക പദ്ധതി ഭേദഗതിയിലാണ് മാവൂർ റോഡില്‍ എസ്കലേറ്റർ സ്ഥാപിക്കാൻ കോർപറേഷൻ കൗണ്‍സില്‍ തീരുമാനിച്ചത്. ആറ് കോടി ചെലവിലാണ് എസ്കലേറ്റർ നിർമിക്കുന്നത്. സിഎസ്ആർ ഫണ്ടാണ് ഇതിനായി യോഗപ്പെടുത്തുക. ഈ സാമ്പത്തികവർഷം അവസാനിക്കും മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ടെൻഡർ ഉടൻ വിളിക്കും. ദിവസേന പതിനായിരക്കണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന മാവൂർ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഉതകുന്ന രീതിയിലായിരിക്കും നിർമാണം നടക്കുക.

