സംസ്ഥാനത്ത് കാറ്റും മഴയും : വലിയ നാശനഷ്ടങ്ങൾ
പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നു . കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്കടുത്ത് വീടിനു മുകളിൽ മരം വീണ് വയോധികയ്ക്ക് പരിക്ക്
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോഴിക്കോട് വീടിന് മുകളിൽ മരം കടപുഴകി വീണ് വയോധികയ്ക്ക് പരിക്കേറ്റു. എറണാകുളം പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയം പൂർണമായി തകർന്നുവീണപ്പോൾ ചാലക്കുടിയിലും പലയിടത്തും മരങ്ങളും പരസ്യബോർഡുകളും വീണ് ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ വിട്ട ശേഷമായതിനാൽ പെരുമ്പാവൂരിൽ വൻ ദുരന്തം ഒഴിവായി.ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് ഗ്രാമീണ, മലയോര മേഖലകളിലാണ് ശക്തമായ കാറ്റിനൊപ്പം മഴയെത്തിയത്. ബാലുശ്ശേരി പനങ്ങാട്ട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണാണ് പ്രേമയ്ക്ക് പരിക്കേറ്റത്. പനങ്ങാട് സ്വദേശി ഭാസ്‌കരന്റെ ഭാര്യയും തൊഴിലുറപ്പ് തൊഴിലാളിയുമായ പ്രേമ ജോലി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
. ശക്തമായ കാറ്റിൽ മരം വീടിന് മുകളിലേക്ക് വീണതോടെ ഓടുകൾ തകർന്നുവീണ് പ്രേമയുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

