തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെയുള്ള പരാതിയിൽ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ പ്രവർത്തനങ്ങളെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
. 2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അതർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്' സെക്ഷൻ പതിനാറ് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ലഭിക്കുന്ന നിയമപരിരക്ഷ ജഡ്ജിമാർക്ക് പോലും ലഭിക്കാത്ത തരത്തിൽ വ്യാപകമാണോ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. മറ്റ് രണ്ട് കമ്മീഷണർമാരുടെ അറിവോ സമ്മതമോ ഇല്ലാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി പതിനാല് സുപ്രധാന തീരുമാനങ്ങൾ എടുത്തു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
. പുതിയ വോട്ടർമാർക്കുള്ള 'ഫോം ആറിൽ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടാനും തീരുമാനിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാർക്ക് നിയമപരിരക്ഷ ആവശ്യമാണെങ്കിലും അത് ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ ഉത്തരവാദിത്തം മറികടക്കുന്നതാകരുത് എന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു. ആവശ്യമായി വന്നാൽ ഏകപക്ഷീയമായ തീരുമാനങ്ങൾ റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

