മന്ത്രി ബിന്ദു കൃഷ്ണ കളമശ്ശേരി അതിജീവതയെ സന്ദർശിച്ചു
കളമശ്ശേരി സ്പായിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് ആശ്വാസവും പിന്തുണയുമായി മന്ത്രി ബിന്ദു കൃഷ്ണ ആശുപത്രിയിൽ സന്ദർശിച്ചു.
കൊച്ചി: കളമശ്ശേരിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് സ്പായിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഇരയായ പെൺകുട്ടിക്ക് സർക്കാരിന്റെ നിയമപരവും മാനസികവുമായ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി ആർ. ബിന്ദു കൃഷ്ണ വ്യക്തമാക്കി. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ നേരിട്ട് സന്ദർശിച്ച ശേഷമാണ് മന്ത്രി സംസാരിച്ചത്.
. ചികിത്സയിലുള്ള യുവതി നിലവിൽ ആരോഗ്യനില വീണ്ടെടുത്തുവരികയാണെങ്കിലും ഇപ്പോഴും വലിയ മാനസികാഘാതത്തിലാണ്. തൊഴിലവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി ആക്രമിച്ചവർക്കെതിരെ കർശന നടപടി ഉറപ്പാക്കും. കുറ്റക്കാരെ സർക്കാർ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.
. ലഹരിക്കെതിരായ ഓപ്പറേഷൻ ‘തൂഫാൻ’ ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. ലഹരിക്കെതിരായ നടപടികൾ ശക്തമായി തുടരുമ്പോഴും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ചിലർ ഇപ്പോഴും മറവിൽ തുടരുന്നുണ്ടെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
. സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ തേടാനും ജോലി ചെയ്യാനും കഴിയുന്ന സാഹചര്യം സർക്കാർ ഉറപ്പാക്കും. തൊഴിൽ വാഗ്ദാനങ്ങൾ മറയാക്കി സ്ത്രീകളെ ചൂഷണം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലും ശക്തമാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി

