സൗദിയിലേക്ക് പോയ മലയാളി നഴ്സിനെ കുറിച്ച് യാതൊരു വിവരവുമില്ല
സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശിയായ ഫിലോമിനെയാണ് ജിദ്ദ വിമാന താവളത്തിലെത്തിയ ശേഷം ഒരു വിവരവുമില്ലാത്തത്.
സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് ഫിലോമിനയെക്കുറിച്ച് (32) യാതൊരു വിവരവുമില്ലാതെ ആശങ്കയോടെ കാത്തിരിക്കുകയാണ് വയനാട്ടിലെ കുടുംബം. ബത്തേരിക്കടുത്ത് അയ്യൻകൊല്ലിയിലെ രവി - ശൈലി എന്നിവരുടെ മകളാണ് ഫിലോമിന
. മൂന്നുവർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്സാണ് ഫിലോമിന. വാർഷികാവധി കഴിഞ്ഞ് പത്തിന് ബംഗളൂരുവിൽനിന്നുള്ള വിമാനത്തിലാണ് ജിദ്ദയിലേക്കു യാത്രതിരിച്ചത്. ജിദ്ദയിൽനിന്നു വിമാനം മാറിക്കയറിയാണ് റിയാദിന് പോകേണ്ടിയിരുന്നത്.
. എന്നാൽരാത്രി എട്ടരയോടെഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തിൽ ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ഉദ്യോഗസ്ഥർ ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനുശേഷം ഫിലോമിനയെക്കുറിച്ച് വിവരവും ഇല്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
. റിയാദിലെ ആശുപത്രി അധികൃതർ, സഹപ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും ഫിലോമിനെ എവിടെയാണെന്നും എന്തുപറ്റിയെന്നും അറിയാനായില്ല. ഫിലോമിനയെക്കുറിച്ചുള്ള വിവരത്തിന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നതിന് ശ്രമിച്ചുവരികയാണെന്ന് കുടുംബ സുഹൃത്തും യൂത്ത് കോണ്ഗ്രസ് വയനാട് ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായ വി.സി. വിനീഷ് പനമരം മാധ്യമങ്ങളോട് പറഞ്ഞു.

