മൊബൈൽ ഫോണുകളിൽ കോളർ ഐഡി സംവിധാനം കേന്ദ്ര സർക്കാർ നിർബന്ധമാക്കി
നവംബർ ഒന്നു മുതൽ ഫോണിൽ കോൾ വരുമ്പോൾ വിളിക്കുന്ന സിം ഉടമയുടെ പേര് നിർബന്ധമായും കാണിക്കണമെന്ന് കേന്ദ്രസർക്കാർ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി
ഡൽഹി: നവംബര് 1 മുതല് മൊബൈൽ ഫോണുകളിൽ കോളർ ഐഡി സംവിധാനം കേന്ദ്ര സർക്കാർ നിർബന്ധമാക്കി. മൊബൈൽ ഫോണിൽ കോൾ വരുമ്പോൾ വിളിക്കുന്ന സിം ഉടമയുടെ പേര് വെളിപ്പെടുത്തുന്ന രീതി നടപ്പിലാക്കാന് ടെലികോം വകുപ്പ് ടെലികോം സേവന ദാതാക്കള്ക്ക് നിര്ദ്ദേശം നല്കി.
. ടെലികോം വകുപ്പിന്റെ ഉത്തരവ് പ്രകാരം, 4G, 5G തുടങ്ങിയ ആധുനിക മൊബൈല് നെറ്റ് വർക്കുകള് ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്ക്കും കോളിംഗ് നെയിം പ്രസന്റേഷന് സംവിധാനം സ്വയമേവ ലഭ്യമാകും. ഒരു കോള് വരുമ്പോള്, വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനില് തെളിയും. 2G, 3G നെറ്റ് വര്ക്കുകളിലും പൊതു ടെലിഫോണ് ശൃംഖലകളിലും ഇത് നടപ്പിലാക്കുന്ന കാര്യം പിന്നീട് പ്രത്യേകം പരിഗണിക്കും.
. ഉത്തരവ് പ്രകാരം, ഒരു കോള് വരുമ്പോള് സ്ക്രീനില് ആദ്യം വിളിക്കുന്നയാളുടെ നമ്പര് കാണിക്കും. രണ്ടാമതായി, സ്വീകര്ത്താവിന്റെ കോണ്ടാക്റ്റ് ലിസ്റ്റില് ആ നമ്പര് സേവ് ചെയ്തിട്ടുണ്ടെങ്കില്, അതില് നല്കിയിട്ടുള്ള പേര് പ്രദര്ശിപ്പിക്കും. നമ്പര് സേവ് ചെയ്തിട്ടില്ലെങ്കില്, ആഭ്യന്തര കോളുകളുടെ കാര്യത്തില്, വിളിക്കുന്നയാളുടെ ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസില് രേഖപ്പെടുത്തിയിട്ടുള്ള പേര് കാണിക്കും.
. അന്താരാഷ്ട്ര കോളുകള് വരുമ്പോള് സ്ക്രീനില് 'International Call' എന്ന് പ്രദര്ശിപ്പിക്കും. ഓരോ ടെലികോം സേവന ദാതാവും ഉപയോക്താക്കളുടെ പേരുകളും നമ്പറുകളും ഉള്ക്കൊള്ളുന്ന ഒരു ഡാറ്റാബേസ് തയ്യാറാക്കുകയും അത് പരിപാലിക്കുകയും വേണം എന്നാണ് നിര്ദേശം. കോള് ലഭിക്കുന്ന ഓപ്പറേറ്റര് ഈ ഡാറ്റാബേസില് നിന്ന് പേര് കണ്ടെത്തി ഉപയോക്താവിന് മുന്നില് പ്രദര്ശിപ്പിക്കും.

