ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് ഒമ്പതുവയസ്സുകാരൻ മരിച്ചു
മൈസൂർ സന്ദർശനം കഴിഞ്ഞ് വടകരക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുൽത്താൻ ബത്തേരി : കർണാടക അതിർത്തിയായ ഗുണ്ടൽപേട്ടിന് സമീപം മലയാളികുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് ഒമ്പതുവയസ്സുകാരൻ മരിച്ചു . വടകര ചോറോട് വൈക്കിലശ്ശേരി മീത്തലചാലിൽ മിഥുൻ ലാലിന്റെ മകൻ ഏഥൻ മിഥുൻലാൽ (9) ആണ് ദാരുണമായി മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ ഒരു യുവതിയെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
. ഇന്നലെ വൈകുന്നേരം 7:15-ഓടെ ഗുണ്ടൽപേട്ട് മഥൂരിന് സമീപമായിരുന്നു അപകടം . മൈസൂരു സന്ദർശനം കഴിഞ്ഞ് വയനാട് വഴി വടകരയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും മറ്റ് വാഹനയാത്രികരും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ ഉടൻ പുറത്തെടുത്ത് വയനാട്ടിലെ ആശുപത്രികളിലെത്തിച്ചത്.അപകടത്തിൽ പരിക്കേറ്റ മിഥുൻ ലാൽ (37), നിഥിൻ ലാൽ (33), സോനു വി.എസ് (33), കുട്ടികളായ ഈഷ കല്യാണി (5), എസ്ത പാർവതി (4), നൈന ലക്ഷ്മി (3) എന്നിവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റ നവ്യ മോഹനെ (37) സുൽത്താൻ ബത്തേരിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തരമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . മരണപ്പെട്ട ഏഥൻ മിഥുൻലാലിന്റെ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹംബന്ധുക്കൾക്ക് വിട്ടുനൽകും.

