ഹോട്ടൽ ഭിന്നശേഷി സൗഹൃദമാക്കാൻ ഒറ്റയാൾ സമരം
ഹോട്ടലിൽ ഭിന്നശേഷി സൗകര്യങ്ങളില്ലാത്തതിനാൽ തനിക്കുണ്ടായ പ്രയാസം പരിഗണിച്ച് ഭിന്നശേഷിക്കാരനായ ആശ്വിൻ ബാബു പ്രതിഷേധം നടത്തി
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫോർ ഒ ക്ലോക്ക് ഹോട്ടലിൽ ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാനുള്ള റാമ്പ് സൗകര്യമില്ലാത്തതിൽ പ്രതിഷേധിച്ച് ഭിന്നശേഷിക്കാരനായ യുവാവ് ഹോട്ടലിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കൊല്ലം സ്വദേശി അശ്വിൻ ബാബുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
. ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ തനിക്ക് റാമ്പ് സൗകര്യമില്ലാത്തതിനാൽ ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്ന് അശ്വിൻ ബാബു പറഞ്ഞു. തുടർന്ന് താൻ എത്തിയ കാറിലേക്ക് ചായ എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടലിലെ തിരക്ക് കാരണം പുറത്തേക്ക് ചായ എത്തിച്ചുനൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഹോട്ടൽ നടത്തിപ്പുകാരുമായി തർക്കമുണ്ടായതും തുടർന്ന് ഹോട്ടലിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചതും.
. സമരത്തെത്തുടർന്ന് ഒക്ടോബർ 25-നകം ഹോട്ടലിൽ റാമ്പ് ഉൾപ്പെടെയുള്ള ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ ഒരുക്കുമെന്നും ബാത്ത്റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കുമെന്നും ഹോട്ടൽ അധികൃതർ രേഖാമൂലം ഉറപ്പുനൽകി. ഇതേത്തുടർന്നാണ് അശ്വിൻ ബാബു സമരം അവസാനിപ്പിച്ചത്.
. കൊയിലാണ്ടിയിലെ ബഹുഭൂരിപക്ഷം ഹോട്ടലുകളിലും ഭിന്നശേഷിക്കാർക്ക് സുഗമമായി പ്രവേശിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള അടിസ്ഥാന സംവിധാനങ്ങളില്ലെന്ന് അശ്വിൻ ബാബു ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

