കൊല്ലം പിഷാരികാവ് ആരോപണ വിധേയയായ ജീവനക്കാരിയെ തിരിച്ചെടുത്തു.
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണുമ്പോൾ പണം അപഹരിച്ചെന്ന ആരോപണ വിധേയയായി സസ്പെൻഡ് ചെയ്ത ജീവനക്കാരിയെ തിരിച്ചെടുത്തു.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ പണം മോഷ്ടിച്ചതായി ആരോപണ വിധേയയായി പുറത്താക്കിയ ജീവനക്കാരിയെ തിരിച്ചെടുത്തു. കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് കൊല്ലം നാണോത്ത് ഗീതയെ ഇപ്പോള്‍ എല്‍ഡി ക്ലാര്‍ക്കായി പുനര്‍ നിയമനം നല്കിയത്.
ഒക്ടോബര്‍ 30ന് കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാനിരിക്കെയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പുനര്‍ നിയമനം നനല്കിയത്. ഈ ജീവനക്കാരി കൊടുത്ത പരാതിയെ തുടര്‍ന്ന് സംസ്ഥാന റവന്യൂ വകുപ്പ് അഡിഷണല്‍ സെക്രട്ടറി തീരുമാനം എടുക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
. ട്രസ്റ്റി ബോര്‍ഡിനെ അറിയിക്കാതെയും ചര്‍ച്ച നടത്താതെയുമാണ് ഇപ്പോള്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ധൃതിപ്പെട്ട് തീരുമാനം എടുത്തതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. 2021 മാര്‍ച്ച് പതിനെട്ടിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചതായി എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി ലഭിക്കുന്നത്.ഇതേ തുടർന്ന് രണ്ടുദിവസത്തിനുശേഷം ആരോപണവിധേയയായ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് പരാതി ലഭിച്ചതിനു പിന്നാലെ ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡ് ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുകയും ഇക്കാര്യം പരിശോധിക്കുകയും ചെയ്തിരുന്നു. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ആരോപണം ശരിവെക്കുന്നതാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
. സംഭവത്തിന് സാക്ഷിയായ മൂന്നുപേരുടെ മൊഴിയും ആരോണപണ വിധേയയായ ജീവനക്കാരിയ്ക്ക് എതിരായിരുന്നു. ഈ മൊഴി ശരിവെക്കുന്നതായിരുന്നു സി.സി.ടി.വി ദൃശ്യങ്ങളും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിയ്‌ക്കെതിരെ റിപ്പോര്‍ട്ട് വന്നത്.അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രസ്റ്റി ബോര്‍ഡിലെ ഒരംഗം ഒഴികെ മറ്റെല്ലാവരും ജീവനക്കാരിയ്ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു. ഇത് സംബന്ധിച്ച് ഒരു ലീഗല്‍ ഒപ്പീനിയന്‍ നേടാനായി അഭിഭാഷക കമ്മീഷനെ നിയമിക്കുകയും ഈ കമ്മീഷന്‍ ജീവനക്കാരിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അന്ന് ഇത് ആരോപണ വിധേയയായ ജീവനക്കാരിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
. ഇതിന് പിന്നാലെയാണ് ട്രസ്റ്റി ബോര്‍ഡ് വീണ്ടും അന്വേഷണ കമ്മീഷനെ നിയമിച്ച് വിഷയം പരിശോധിച്ചത്. ജീവനക്കാരിയ്ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴികളില്‍ ഉറച്ചുനില്‍ക്കുകയും ആ മൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവനക്കാരിയെ കുറ്റക്കാരിയായി കണ്ടെത്തുകയുമായിരുന്നു.

