പേരാമ്പ്ര മരക്കാടി തോട്ടിൽ ചുവന്ന നിറത്തിൽ വെള്ളമൊഴുകിയത്പരിസരവാസികളിൽ ഭീതി പടർത്തി.
ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പേരാമ്പ്ര: മരക്കാടി തോട്ടിൽ അരമണിക്കൂറോളമായി ചുവന്ന നിറത്തിൽ വെള്ളമൊഴുകിയത്പരിസരവാസികളിൽവലിയആശങ്ക സൃഷ്ടിച്ചു. സംഭവത്തെത്തുടർന്ന് പച്ചവെള്ളം കുടിക്കുന്നതും തോട്ടിൽ കുളിക്കുന്നതും തുണി അലക്കുന്നതും പൂർണ്ണമായും നിർത്തിവെക്കാൻ പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ജാഗ്രതാ നിർദ്ദേശം നൽകി. തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.
ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ബുധനാഴ്ച പ്രദേശത്ത് ക്ലോറിനേഷൻ നടത്തും.
മുമ്പും തോട്ടിൽ കറുത്ത വെള്ളമൊഴുകി മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമീപത്തെ കിണറുകളിലേക്ക് മലിനജലം ഇറങ്ങുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

