തട്ടിപ്പ് വഴി നഷ്ടപ്പെടുന്ന തുക ബാങ്കുകൾ നികത്തണമെന്ന് സുപ്രീം കോടതി
സൈബർ തട്ടിപ്പ് വഴി ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നതിൽ ബാങ്കുകൾക്കും ഉത്തരവാദിത്തം ഉണ്ടെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ബാങ്കുകൾക്ക് വലിയ ഉത്തരവാദിത്തം നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ്. സൈബർ തട്ടിപ്പുകൾ തടയുന്നതിൽ വീഴ്ച വരുത്തിയാൽ ഉപഭോക്താക്കൾക്ക് നഷ്ടപ്പെടുന്ന തുക പൂർണ്ണമായും ബാങ്കുകൾ തന്നെ നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞു.
. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് ഉപഭോക്താക്കൾ ഇരയാകേണ്ടതില്ലെന്നും, നഷ്ടപ്പെടുന്ന തുക ബാങ്കുകൾ തിരികെ നൽകണമെന്നും കോടതി വ്യവസ്ഥ ചെയ്തു.സംശയാസ്പദമായ ഇടപാടുകൾ തൽസമയം തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ബാങ്കുകൾ നിർബന്ധമായും ഉപയോഗിക്കണം.
. അക്കൗണ്ട് ഉടമയുടെ പതിവ് ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി വലിയ തുകകൾ പെട്ടെന്ന് പിൻവലിക്കപ്പെടുകയോ മറ്റു അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ അത് തടയാനുള്ള ബാധ്യത ബാങ്കുകൾക്കുണ്ട്.
. വ്യാജ മ്യൂൾ അക്കൗണ്ടുകൾക്ക് തടയിടും: വ്യാജ അക്കൗണ്ടുകൾ വഴിയും 'മ്യൂൾ' അക്കൗണ്ടുകൾ (Mule Accounts) വഴിയും നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ പൂർണ്ണമായി തടയണം. കെ.വൈ.സി (KYC) മാനദണ്ഡങ്ങളും മറ്റ് റെഗുലേറ്ററി ഫ്രെയിം വർക്കുകളും കൂടുതൽ കർശനമാക്കാൻ റിസർവ് ബാങ്കിനും ബാങ്കുകൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി.
. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വലിയൊരു നിയമസുരക്ഷാ കവചമായിട്ടാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

