ജനശതാബ്ദി ട്രെയിനികളുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നു
കണ്ണൂർ - തിരുവനന്തപുരം, കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി ട്രെയിനുകൾ 2027 ജനുവരി മുതൽ എക്സ്പ്രസ് ട്രെയിനുകളായി മാറുന്നതാണ്
തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയിൽവേ ഒഴിവാക്കുന്നു. ശരാശരി വേഗം കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്–തിരുവനന്തപുരം, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റ് വിഭാഗത്തിൽനിന്ന് എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നത്. ഇതോടെ ട്രെയിനുകളുടെ നമ്പറുകളിലും ടിക്കറ്റ് നിരക്കുകളിലും മാറ്റമുണ്ടാകും. 2027 ജനുവരി ഒന്നുമുതൽ പുതിയ നമ്പറുകൾ പ്രാബല്യത്തിൽ വരും.
കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിക്ക് 16375 /16376(പഴയത് 12075/12076), കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദിക്ക് 16379 /16380 (പഴയത് 12081 /12082)എന്നിങ്ങനെയാണ് പുതിയ നമ്പറുകൾ അനുവദിച്ചിരിക്കുന്നത്. ട്രെയിനുകളുടെ ജനശതാബ്ദി സർവീസ് പദവിയിൽ മാറ്റമുണ്ടാകില്ല. എന്നാൽഎക്സ്പ്രസ് വിഭാഗത്തിലേക്ക് മാറുന്നതോടെ നിരക്ക് ഘടനയിൽ കുറവ് വരും. ശരാശരി വേഗം 55കിലോമീറ്ററിൽ കുറഞ്ഞതിന്റെ പേരിലാണ് റെയിൽവേയുടെ നടപടി.
. നിരക്കിലെ മാറ്റം യാത്രക്കാർക്ക് ആശ്വാസ മാകുമെങ്കിലും ട്രെയിനുകളുടെ വേഗം കുറയാനുള്ള കാരണങ്ങളും യാത്രാസമയവും ചർച്ചയാകുന്നുണ്ട്. സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നതിന് പകരം യാത്രാസമയം കുറയ്‌ക്കാനും ശരാശരി വേഗം മെച്ചപ്പെടുത്താനും റെയിൽവേ നടപടി സ്വീകരിക്കുമോയെന്നതാണ് അറിയാന്നുള്ളത്.

