ചേരനല്ലൂർ അപകടത്തോടെ അടഞ്ഞു പോയ തട്ടുകട തുറന്ന് ഭദ്രകീർത്തി.
ചേരുന്നല്ലൂർ അപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണൻ നടത്തിയിരുന്ന തട്ടുകട മകൾ ഭദ്രയുടെ നേതൃത്വത്തിൽ കുടുംബം തുറന്നു പ്രവർത്തിപ്പിച്ചു തുടങ്ങി .
ചേരനല്ലൂർ: കഴിഞ്ഞ 25 വർഷമായി ചിറ്റൂർ അമ്പലത്തിന് സമീപം ജയബാലകൃഷ്ണൻ നടത്തിവന്നിരുന്ന തട്ടുകടയ്ക്ക് ഇനി പുതിയൊരു അവകാശിയുണ്ട്. അച്ഛന്റെ വിയോഗത്തോടെ അടഞ്ഞുപോയ ആ കടയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് മകൾ ഭദ്ര കീർത്തി.
. ഒക്ടോബർ 25-ന് രാത്രിയായിരുന്നു ജയബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗം. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന തട്ടുകടയും അതോടെ അടച്ചുപൂട്ടേണ്ടിവന്നു. എന്നാൽ അച്ഛന്റെ അധ്വാനത്തിലൂടെ വളർന്ന ആ കടയെ ഉപേക്ഷിക്കാൻ ഭദ്ര തയ്യാറായിരുന്നില്ല. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ വഴിയിലൂടെ മുന്നോട്ടുപോകാനാണ് ഈ മകൾ തീരുമാനിച്ചത്.
. ഹൈദരാബാദിൽ ഫുഡ് ഇൻസ്പെക്ടറായും ഫുഡ് എക്സിക്യൂട്ടീവായും ജോലി ചെയ്തിരുന്ന ഭദ്രയ്ക്ക് തന്റെ കരിയർ ഉപേക്ഷിക്കേണ്ടിവന്നതിൽ യാതൊരു വിഷമവുമില്ല. "എനിക്ക് ആ ജോലിയിലേക്ക് എത്താൻ കഴിഞ്ഞത് തന്നെ ഈ കട കാരണമാണ്. അതുകൊണ്ട് ജോലി ഉപേക്ഷിച്ച് ഇവിടെ വന്ന് നിൽക്കുന്നതിൽ എനിക്ക് സങ്കടമില്ല," എന്നാണ് ഭദ്ര പറയുന്നത്. അച്ഛൻ ഇത്രയും കാലം ഉപഭോക്താക്കൾക്ക് നൽകിയ അതേ രുചിയും അതേ രീതിയും നിലനിർത്തിക്കൊണ്ട് അമ്മയ്ക്കും അനുജനുമൊപ്പം കട മുന്നോട്ടുകൊണ്ടുപോകാനാണ് ഭദ്രയുടെ തീരുമാനം.
. അച്ഛന്റെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തെ ചേർത്തുപിടിക്കുക എന്ന വലിയ ഉത്തരവാദിത്തവും ഈ മകൾ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, അച്ഛന്റെ വിയോഗത്തിന് കാരണക്കാരായവർക്കെതിരെ നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലും ഭദ്രയുണ്ട്.
. ഒരു ഭാഗത്ത് അച്ഛൻ കെട്ടിപ്പടുത്ത ജീവിതമാർഗം തകരാതെ കാത്തുസൂക്ഷിക്കാനുള്ള ശ്രമം. മറുഭാഗത്ത് പ്രിയപ്പെട്ട അച്ഛന് നീതി ലഭിക്കാനുള്ള പോരാട്ടം. രണ്ടിടത്തും തളരാതെ മുന്നോട്ടുപോകുന്ന ഭദ്രയുടെ തീരുമാനം ഏറെ ആദരവ് അർഹിക്കുന്നു.അച്ഛന്റെ കൈപ്പുണ്യവും ഓർമ്മകളും ഇനി ഭദ്രയുടെ കൈകളിലൂടെ മുന്നോട്ടുപോകട്ടെ. ഈ കുടുംബത്തിന് കരുത്തും പിന്തുണയുമായി നാടും ഒപ്പമുണ്ട്.

