headerlogo
recents

വീട് മാറി ഇഡി റെയ്ഡ് നടത്തിയെന്ന് പരാതി; ആരോപണം നിഷേധിച്ച് ഉദ്യോഗസ്ഥർ

കൊയിലാണ്ടിയിൽസ്വർണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തിയ വീട് യഥാർത്ഥ നൗഷാദിന്റെയല്ലെന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും പരാതി

 വീട് മാറി ഇഡി റെയ്ഡ് നടത്തിയെന്ന് പരാതി; ആരോപണം നിഷേധിച്ച് ഉദ്യോഗസ്ഥർ
avatar image

NDR news

21 Nov 2026 07:38 AM

കൊയിലാണ്ടി: സ്വർണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ആളും വീടും മാറിയെന്ന് പരാതി. കൊയിലാണ്ടി മാടാക്കര സ്വദേശി നൗഷാദ് വളപ്പിലാണ് ഇഡിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ആളുമാറിയിട്ടില്ലെന്നുമാണ് ഇഡി ഉദ്യോഗസ്ഥരുടെ വിശദീകരണം.

.     നൗഷാദിന്റെ തറവാട്ടുവീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഇഡി സംഘം പരിശോധനയ്ക്കെത്തിയത്. ഈ സമയം നൗഷാദിന്റെ മാതാപിതാക്കളും സഹോദരങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്. നൂറുകോടി രൂപയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് മറ്റൊരു നൗഷാദിനെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

.       അന്വേഷിക്കുന്ന വ്യക്തിയുടെ പിതാവിന്റെ പേര് ഉസ്മാൻ എന്നാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചപ്പോൾ തന്റെ പിതാവിന്റെ പേര് മുഹമ്മദ് ആണെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും പരിശോധന തുടർന്നതായി ബന്ധുക്കൾ ആരോപിച്ചു. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും കുടുംബം പറയുന്നു.

.       ഒമ്പത് മാസം മുമ്പ് ഷാർജയിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ നൗഷാദ് നിലവിൽ മത്സ്യബന്ധന തൊഴിലാളിയാണ്. തനിക്കെതിരെ ഒരു കേസും നിലവിലില്ലെന്നും യാതൊരു മുന്നറിയിപ്പു മില്ലാതെയാണ് വീട്ടിൽ പരിശോധന നടത്തിയതെന്നും നൗഷാദ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രായമായ മാതാപിതാക്കൾ കടുത്ത മാനസിക സമ്മർദത്തിലായെന്നും അദ്ദേഹം ആരോപിച്ചു.

.        പരിശോധനയ്ക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥർ വിലാസവും വ്യക്തിവിവരങ്ങളും കൃത്യമായി പരിശോധിക്കാതെയാണ് വീട്ടിലെത്തിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

.        അതേസമയം, പരിശോധനയിൽ ക്രമക്കേടുണ്ടെന്ന പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നാണ് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കുശേഷമാണ് സംഘം മടങ്ങിയത്.

.       സംസ്ഥാനത്ത് സ്വർണക്കടത്ത്, അനധികൃത ഹവാല ഇടപാടുകൾ, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ ഇഡി പരിശോധന നടത്തുന്നതിനിടെയാണ് കൊയിലാണ്ടിയിലെ സംഭവം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

.       അതേസമയം, പരിശോധന നടന്നത് ആളുമാറിയാണോ എന്ന കാര്യത്തിൽ കുടുംബത്തിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിശദീകരണങ്ങൾ പരസ്പരവിരുദ്ധമാണ്.

NDR news
21 Nov 2026 07:38 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents