കോഴിക്കോട് ബീച്ചിൽ സുരക്ഷയുടെ ഭാഗമായി നൈറ്റ് ലൈഫിന് നിയന്ത്രണം വരും.
സാമൂഹ്യ വിരുദ്ധ പ്രവർത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫ്രീഡം സ്ക്വയറിന്റെ പിൻ ഭാഗം മുതൽ കോന്നാട് ബീച്ച് വരെയുള്ള ഭാഗത്താണ് നിയന്ത്രണം വരുന്നത്
കോഴിക്കോട്: സാമൂഹ്യവിരുദ്ധ പ്രവർത്തനമടക്കം കോഴിക്കോട് ബീച്ചിലെ നിരവധി പ്രശ്നങ്ങളിൽ കർശന ഇടപെടലിനൊരുങ്ങി ജില്ലാ ഭരണകൂടവും പൊലീസും. ബീച്ചിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെെറ്റ് ലെെഫിന് നിയന്ത്രണം വരും. ഫ്രീഡം സ്ക്വയറിന്റെ പിൻഭാഗം മുതൽ കോന്നാട് ബീച്ച് വരെയുള്ള ജനവാസ മേഖലയിലാവുമിത്. വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ രാത്രി 12 വരെയായി ഇവിടെ പ്രവേശനം നിയന്ത്രിച്ചേയ്ക്കും. ഓപ്പൺ സ്റ്റേജ് മുതൽ ചക്കുംകടവ് വരെ നിയന്ത്രണമുണ്ടാവില്ലെങ്കിലും തെരുവു വിളക്കുകൾ കത്തിച്ച് സുരക്ഷ ഉറപ്പാക്കും.
. കോർപ്പറേഷന്റെയും ഡി.ടി.പി.സിയുടെയും അധീനതയിൽ വരുന്നവയാണ് തെരുവുവിളക്കുകൾ. ഓപ്പൺ സ്റ്റേജ് മുതൽ കോർപ്പേറേഷൻ വരെയുള്ള ഭാഗത്തുള്ളതും കത്തുന്നില്ല. കത്തിക്കാൻ കരാർ നൽകിയിരുക്കുന്നത് കിയോണിക്സിനാണ്. മിന്നൽ പരിശോധനയിൽ ഇവ ഉടൻ കത്തിക്കാൻ കളക്ടർ നിർദ്ദേശം നൽകി. എന്നാൽ കരാർ ഏജൻസി ഡിസംബർ 31 വരെ സമയം ചോദിച്ചു. അതിനകം കത്തിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് ജില്ല കളക്ടർ മുന്നറിയിപ്പ് നൽകി. മറ്റ് നടപടികളുമുണ്ടായേക്കും. കോർപ്പറേഷന്റെയും ഡി.ടി.പി.സിയുടെയും സ്ഥലത്തുള്ള രണ്ട്കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഇവ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഡി.ടി.പി.സിയുടെ അധീനതയിലുള്ളത് ആവശ്യമെങ്കിൽ നവീകരിക്കാം. കോർപ്പറേഷന്റെ താത്കാലിക കെട്ടിടം പൊളിക്കണം. രണ്ടിനും നടപടിയുണ്ടാവണമെന്നാണ് ആവശ്യം.

