മുഖകാന്തി ക്രീമുകള്‍ വിപണിയില്‍ വ്യാപകമാകുന്നത് അധികൃതരുടെ വീഴ്ച: വിമര്‍ശനം ശക്തമാകുന്നു
വിപണിയിൽ ലഭിക്കുന്ന പല സൗന്ദര്യ വർദ്ധക വസ്തുക്കളും വ്യാജ നിർമ്മിതികളാണെന്നും ഇതിനെതിരെ അധികൃതർ വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്ന പരാതികളുയരുന്നു
കൊച്ചി:ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുന്ന മുഖകാന്തി ക്രീമുകള്‍ വിപണിയില്‍ വ്യാപകമാകുന്നത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവം കൊണ്ടാണെന്ന വിമര്‍ശനം ശക്തമാകുന്നു. മെര്‍ക്കുറി (രസം) അടക്കമുള്ള വിഷഘനലോഹങ്ങളും വീര്യം കൂടിയ സ്റ്റിറോയിഡുകളും ഇത്തരം ക്രീമുകളില്‍ അപകടകരമായ തോതില്‍ ചേര്‍ക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ ലബോറട്ടറികളിലെ പരിശോധനയില്‍ അനുവദനീയമായതിലും പലമടങ്ങ് കൂടുതലായി മെര്‍ക്കുറിയും ലെഡും കണ്ടെത്തിയിട്ടും, വില്‍പന തടയുന്നതില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം
. ചര്‍മരോഗങ്ങള്‍ മാറ്റുമെന്ന് അവകാശപ്പെട്ട് വ്യാജ പരസ്യങ്ങള്‍ നല്‍കുന്നത് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം കുറ്റകരമാണ്. എന്നിട്ടും ഇത്തരം ഉല്‍പന്നങ്ങള്‍ തടസ്സമില്ലാതെ വിറ്റഴിക്കപ്പെടുന്നു. ചര്‍മത്തിലൂടെ രക്തപ്രവാഹത്തില്‍ കലരുന്ന മെര്‍ക്കുറി വൃക്കകളെ ഗുരുതരമായി ബാധിക്കുകയും നാഡീവ്യവസ്ഥയുടെ തകരാറുകള്‍ക്ക് വഴിവെക്കുകയും ചെയ്യും. ഇത് വിറയല്‍, ഓര്‍മക്കുറവ്, കടുത്ത ക്ഷീണം തുടങ്ങിയ പ്രയാസങ്ങളിലേക്ക് നയിക്കാം. ക്രീമുകളില്‍ അടങ്ങിയിരിക്കുന്ന വീര്യമുള്ള സ്റ്റിറോയിഡുകള്‍ ചര്‍മം നേര്‍ത്തതാക്കാനും രക്തക്കുഴലുകള്‍ തെളിഞ്ഞുകാണാനും കാരണമാകുന്നു. കടുത്ത മുഖക്കുരു, ചുവപ്പ്, ചൊറിച്ചില്‍, അമിത രോമവളര്‍ച്ച എന്നിവക്കും ഇത് ഇടയാക്കും. ദീര്‍ഘകാല ഉപയോഗം ചര്‍മത്തില്‍ നീല കലര്‍ന്ന കറുത്ത പാടുകള്‍ സ്ഥിരമായി അവശേഷിപ്പിക്കാനും സാധ്യതയുണ്ട്.
. ചര്‍മത്തിന്റെ സ്വാഭാവിക പ്രതിരോധ പാളി നശിക്കുന്നതിനാല്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ വേഗത്തില്‍ പൊള്ളലേല്‍ക്കാനും മറ്റ് ചര്‍മരോഗങ്ങള്‍ പിടിപെടാനുമുള്ള സാധ്യത ഏറെയാണ്. മെലാനിന്‍ ഉല്‍പാദനം കുറച്ച് ചര്‍മത്തിന് വെളുപ്പ് നല്‍കാനാണ് പ്രധാനമായും മെര്‍ക്കുറി ഉപയോഗിക്കുന്നത്. ഇത്തരം ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

