എം എ യൂസഫലി സ്വന്തം ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് വാങ്ങിയ വ്യക്തി: മുഖ്യമന്ത്രി വി ഡി സതീശൻ .
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പത്തനാപുരം ഗാന്ധിഭവന് നിർമ്മിച്ചു നൽകിയ പിതൃമന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്ഛന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമ്മിച്ചുനൽകിയ അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു. സ്വന്തം ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി എന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടന വേളയിൽ പറഞ്ഞു. മാതൃകാപരമായ പുണ്യപ്രവർത്തനമാണിതെന്നും, ആശ്രയമറ്റെന്ന് കരുതിയ നിരവധി മനുഷ്യർക്ക് തണലേകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
. മുതിർന്ന പൗരൻമാർക്കായി പ്രത്യേകം വകുപ്പ് ഉണ്ടാക്കാൻ ആദ്യം തീരുമാനമെടുത്ത സർക്കാരാണ് യുഡിഎഫിന്റേത്. സ്വത്തെല്ലാം എഴുതിവാങ്ങിച്ചിട്ട് പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം വരെ തടവ് നൽകുന്ന നിയമം പാസാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇത് പാസായാൽ മുതിർന്ന ആളുകൾക്ക് വലിയ പരിരക്ഷ ഉറപ്പാക്കുന്നതാകും. പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കളേയല്ല മാതാപിതാക്കളെ ചേർത്ത് പിടിക്കുന്ന മക്കളെയാണ് കേരളത്തിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായർ ഒറ്റയ്ക്കാണെന്ന തോന്നൽ ആർക്കും ഉണ്ടാകരുത്, ഇവർക്കുള്ള സംരക്ഷണത്തിനുള്ള പ്രത്യേക നയങ്ങൾ സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
. മക്കൾ ഉപേക്ഷിക്കുന്ന പ്രായമായവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന താൽപര്യത്തിലാണ്, മാതൃഭവനത്തിന് പിന്നാലെ പിതൃമന്ദിരം കൂടി യാഥാർത്ഥ്യമാക്കിയതെന്ന് എം.എ യൂസഫലി പറഞ്ഞു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന രീതി വിദ്യാസമ്പന്നരായ കേരളം മാറ്റണമെന്നും അദേഹം ആഹ്വാനം ചെയ്തു. ഗാന്ധിഭവനിലെ അന്തേവാസികളുടെ നിത്യചിലവിനും ഭക്ഷണത്തിനും മരുന്നുകൾക്കുമായി നൽകി വന്നിരുന്ന ഒരു കോടി രൂപയുടെ സഹായം ഒന്നരകോടിയായി വർധിപ്പിച്ചു നൽകുമെന്ന് എം.എ യൂസഫലി ചടങ്ങിൽ പ്രഖ്യാപിച്ചു. ഗാന്ധി ഭവനിലെ ഭിന്നശേഷി കുട്ടികളുടെ സ്കൂൾ പുനർനിർമ്മാണം താൻ ഏറ്റെടുക്കുമെന്നും ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
. ജ്യോതികുമാർ ചാമക്കാല എംഎൽഎ, മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ, ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ് അമൽരാജ് എന്നിവർ പ്രസംഗിച്ചു. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി ഋതംബരാനന്ദയും ചടങ്ങിൽ സംബന്ധിച്ചു.

