വിശ്വസുന്ദരിപ്പട്ടം പ്യൂർട്ടോറിക്കോ സുന്ദരി ജെന്നിഫർ ബാരെറ്റോക്ക്
ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോ അവസാന 30 പേരിൽ ഇടം നേടിയെങ്കിലും അവസാന പന്ത്രണ്ടിലേക്ക് യോഗ്യത നേടാനായില്ല
സാൻ യുവാൻ: 2026ലെ മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. പ്യൂർട്ടോറിക്കോയിലെ സാൻ യുവാനിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 27കാരിയായ ജെന്നിഫർ കിരീടം ചൂടിയത്. 115 മത്സരാർഥികളെ പിന്തള്ളിയാണ് ജെന്നിഫറിന്റെ നേട്ടം. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചു.
. മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ അമ്മയെന്ന ചരിത്രനേട്ടവും ജെന്നിഫർ സ്വന്തമാക്കി. മനഃശാസ്ത്രത്തിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദം നേടിയ ജെന്നിഫർ സാമൂഹിക സേവന രംഗത്തും സജീവമാണ്. കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനം തടയൽ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചുവരുന്നു.
. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നൂനസ് രണ്ടാം സ്ഥാനവും വെനസ്വേലയുടെ ക്ലാര വെഗാസ് മൂന്നാം സ്ഥാനവും നേടി. ഫിലിപ്പീൻസും ന്യൂസിലൻഡും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
. മത്സരത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത കിരീടമാണ് ജെന്നിഫറിനെ അണിയിച്ചത്. 18 കാരറ്റ് വെള്ള സ്വർണത്തിൽ 3,150 വജ്രങ്ങൾ പതിപ്പിച്ച കിരീടത്തിന് ‘ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
. പ്യൂർട്ടോറിക്കോയുടെ ആറാമത്തെ മിസ് യൂണിവേഴ്സ് കിരീടമാണിത്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് വിശ്വസുന്ദരിപ്പട്ടം വീണ്ടും പ്യൂർട്ടോറിക്കോയിലെത്തുന്നത്. അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോ അവസാന 30 പേരിൽ ഇടം നേടിയെങ്കിലും അവസാന പന്ത്രണ്ടിലേക്ക് യോഗ്യത നേടാനായില്ല.

