ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ കുറവ് : ദേവസ്വം ബോർഡ് അന്വേഷണത്തിന്
വെർച്ച്വൽ ക്യു സ്ലോട്ടുകൾ പൂർണ്ണമായി ബുക്ക് ചെയ്തിട്ടും തീർത്ഥാടകർ എത്താത്ത സംഭവത്തിൽ ദൂരുഹതയുണ്ടന്ന് ദേവസ്വം ബോർഡ്.
പത്തനംതിട്ട: ശബരിമലയില്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ തീര്‍ത്ഥാടകര്‍ എത്താത്തതിന്റെ കാരണം കണ്ടെത്താനാകാതെ ദേവസ്വം ബോര്‍ഡും പൊലീസും.വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടിട്ടും തീര്‍ത്ഥാടകര്‍ എത്താത്ത സംഭവത്തില്‍ വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നത്. ബുധനാഴ്ച മാത്രം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത 23,000 പേരാണ് ദര്‍ശനത്തിന് എത്താതിരുന്നത്.ആകെ 59,601 പേരാണ് പമ്പ വഴി ദര്‍ശനത്തിനെത്തിയത്; ഇതില്‍ വെര്‍ച്വല്‍ ക്യൂ വഴി എത്തിയത് 47,000-ത്തോളം പേര്‍ മാത്രമാണ്.സംഭവത്തില്‍ പൊലീസ്,വിജിലന്‍സ്, ദേവസ്വം വിജിലന്‍സ്, സൈബര്‍ പൊലീസ് സംഘങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.തീര്‍ത്ഥാടനത്തിന്റെ തുടക്കത്തില്‍ തന്നെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത 50 ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.ഇതിനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് ദേവസ്വം ബോര്‍ഡിനെ സഹായിക്കുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിന്ന് പമ്പ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.ചെന്നൈയിലും കോയമ്പത്തൂരിലും ചിലര്‍ കൂട്ടമായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.
. ഇതിന് പുറമെ സംസ്ഥാനത്തിനകത്ത് നിന്നും സമാനമായ രീതിയില്‍ കൂട്ട ബുക്കിങ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.തീര്‍ത്ഥാടനം ഒരാഴ്ച പിന്നിട്ടിട്ടും തിരക്കില്ലാത്തത് ഗൗരവകരമായാണ് അന്വേഷണ സംഘങ്ങള്‍ വിലയിരുത്തുന്നത്.നേരത്തെ തീര്‍ത്ഥാടനകാലത്ത് ജലവിതരണം തടസ്സപ്പെടുത്താനും അന്നദാനം പ്രതിസന്ധിയിലാക്കാനും ശ്രമം നടന്നിരുന്നു.അതേസമയം സ്‌പോട്ട് ബുക്കിങ് കേന്ദ്രം പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് മാറ്റിയതും തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.നിലയ്ക്കലില്‍ എത്തിയാല്‍ സ്‌പോട്ട് ബുക്കിങ് ഉറപ്പായും ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡും പൊലീസും ഉറപ്പ് നല്‍കാത്തത് ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെയടക്കം വരവിനെ ബാധിച്ചു.കഴിഞ്ഞ വര്‍ഷം പ്രതിദിനം 70,000 വെര്‍ച്വല്‍ ക്യൂ, 20,000 സ്‌പോട്ട് ബുക്കിങ് എന്നിവ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ അത് 66,000 വെര്‍ച്വല്‍ ക്യൂ,14,000 സ്‌പോട്ട് ബുക്കിങ് എന്നിങ്ങനെ വെട്ടിക്കുറച്ചിരുന്നു.വെര്‍ച്വല്‍ ക്യൂ എടുത്തവര്‍ എത്താതിരുന്നാല്‍ ആ ഒഴിവുകള്‍ സ്‌പോട്ട് ബുക്കിങ്ങിലേക്ക് മാറ്റുന്ന രീതിയാണ് കഴിഞ്ഞ വര്‍ഷം പിന്തുടര്‍ന്നിരുന്നത്.കഴിഞ്ഞ മണ്ഡലകാലത്ത് 25,000 പേര്‍ വരെ സ്‌പോട്ട് ബുക്കിങ് എടുത്ത് ദര്‍ശനം നടത്തിയ ദിവസങ്ങളുണ്ടായിരുന്നു.എന്നാല്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ എടുത്ത ആയിരക്കണക്കിന് പേര്‍ വരാതിരുന്നിട്ടും സ്‌പോട്ട് ബുക്കിങ്ങില്‍ വര്‍ദ്ധനവുണ്ടാകാത്തത് ദേവസ്വം ബോര്‍ഡിനെയും ആശങ്കയിലാക്കുന്നുണ്ട്.

