കിവീസിനെ തകർത്ത് ഓസീസിന് കന്നി കിരീടം
ന്യൂസിലൻഡ് ഉയർത്തിയ 173 റൺ വിജയലക്ഷ്യം 7 പന്ത് ബാക്കി നിൽക്കെ മറികടന്നു
ദുബായ്: കിവീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ആദ്യ ലോകകപ്പ് ഉയർത്തി. ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 173 റൺ ലക്ഷ്യം ഏഴുപന്ത് ബാക്കിനിൽക്കേ ഓസീസ് മറികടന്നു. സ്‌കോർ: ന്യൂസിലൻഡ് 4–172, ഓസ്‌ട്രേലിയ 2–173 (18.5).
50 പന്തിൽ 77 റൺസെടുത്ത മിച്ചെൽ മാർഷാണ് ഓസീസിന്റെ വിജയശിൽപ്പി. 38 പന്തിൽ 53 റണ്ണടിച്ച് ഡേവിഡ് വാർണറും കളിയിൽ തിളങ്ങി. 48 പന്തിൽ 85 റൺസ് എടുത്ത ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണിന്റെ ഇന്നിങ്‌സാണ് ന്യൂസിലൻഡിനെ 172ൽ എത്തിച്ചത്. ജോഷ് ഹാസെൽവുഡ് ഓസ്ട്രേലിയയ്ക്കായി മൂന്ന് വിക്കറ്റ് നേടി.
മൂന്നാം ഓവറിൽ ക്യാപ്‌റ്റനും ഓപ്പണറുമായ ആരോൺ ഫിഞ്ച് ഏഴ് പന്തിൽ അഞ്ച് റൺ നേടി പുറത്തായി. ഡേവിഡ് വാർണറും കൂട്ടെത്തിയ മിച്ചെൽ മാർഷുമാണ് ഓസീസിനെ കിരീടമണിയിച്ചത്. സഖ്യം രണ്ടാം വിക്കറ്റിൽ 92 റൺസ് നേടി. നാല് ഫോറും മൂന്ന് സിക്‌സറും നേടി വാർണർ പതിമൂന്നാം ഓവറിൽ മടങ്ങിയപ്പോൾ സ്‌കോർ 100 കടന്നിരുന്നു. 10 ഫോറും മൂന്ന് സിക്‌സറും പറത്തി 48 പന്തിൽ 85 റണ്ണടിച്ച ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണാണ് കിവീസിൽ പൊരുതി നിന്നത്.

