ജില്ലാ സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി
ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു
നടുവണ്ണൂർ: ജില്ലാ സ്പോർട്ട് കൗൺസിലിന്റെ നിർദ്ദേശപ്രകാരം നടുവണ്ണൂരിൽ നടക്കുന്ന ജില്ലാ സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു.
വോളിബോളിന്റെ ഈറ്റില്ലത്തിൽ പുതുവർഷ പുലരിയിലെ കുളിരണിഞ്ഞ കളിക്കളത്തിൽ കരുത്ത് തെളിയിക്കുവാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കളിക്കാരെത്തിയതോടെ വോളിബോൾ പെരുമയ്ക്ക് നടുവണ്ണൂർ ഒരിക്കൽ കൂടി സാക്ഷിയായി. സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ മൂന്ന് പ്രത്യേക കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും.
ബാലുശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് വി. കെ. അനിത, ഇന്ത്യൻ ടീം ക്യാപ്റ്റൻ എസ്. രേഖ ടി. എം. ശശി, സജീവൻ മക്കാട്ട്, സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി സുലൈമാൻ, നടുവണ്ണൂർ വോളിബോൾ അക്കാദമി സെക്രട്ടറി കെ. വി. ദാമോദരൻ, എൻ. ആലി, അഷ്റഫ് പുതിയപ്പുറം, ഇല്ലത്ത് അഹമ്മത്, പ്രിൻസിപ്പാൾ ലൈജ അക്ബർ അലി, ഒ. എം. കൃഷ്ണകുമാർ, ഭാസ്കരൻ കാഞ്ഞിക്കാവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ സ്വാഗതവും ജനറൽ കൺവീനർ ഇ. അച്ചുതൻ നായർ നന്ദിയും പറഞ്ഞു.

