സബ് ജൂനിയർ വോളി ചാമ്പ്യൻഷിപ്പിന് നടുവണ്ണൂരിൽ ഉജ്ജ്വല സമാപനം
ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആൺ പെൺ വിഭാഗങ്ങളിൽ നിരവധി ടീമുകൾ മത്സരിച്ചു

നടുവണ്ണൂർ: കോവിഡ് കാല ഇടവേളക്ക് ശേഷം നടുവണ്ണൂരിന്റെ വോളി ബോൾ കളിക്കളത്തിൽ കളിയാവേശത്തിന്റെ തിരയിളക്കിയ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല സമാപനം. ഗ്രാമീണ വോളിയുടെ മിന്നുന്ന അടി തടവുകൾ കൊണ്ട് എന്നും മുഖരിതമാവാറുള്ള നടുവണ്ണൂർ ഗവ.ഹൈസ്കൂൾ അങ്കണത്തിലാണ് ഒരിടവേളക്ക് ശേഷം കളിയാവേശം നുരഞ്ഞ് പൊങ്ങിയത്. അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തിയ ശേഷം നടുവണ്ണൂർ ഗവ.ഹൈസ്കൂളിന്റെ തിരുമുറ്റത്തെത്തിയ ചാമ്പ്യൻഷിപ്പിനെ നാട്ടുകാർ ഇരു കൈ നീട്ടി സ്വീകരിച്ചു. പുതുവർഷപ്പുലരിയിലും ജനുവരി രണ്ടിനുമായി നടന്ന ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആൺ പെൺ വിഭാഗങ്ങളിൽ നിരവധി ടീമുകൾ മത്സരിച്ചു. നടുവണ്ണൂരിലെ എക്കാലത്തെയും ഏറ്റവും മികച്ച വോളിബോൾ ക്ലബായ എൻ ആർ സി നടുവണ്ണൂരും ജില്ലാ സ്പോർട്ട്സ് കൗൺസിലും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
ആവേശകരമായ കലാശപ്പോരിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പാറ്റേൺ കാരന്തൂരിനെ പരാജയപ്പെടുത്തി ഡയരക്ഷൻ ചാത്തമംഗലം ചാമ്പ്യൻമാരായി. എന്നാൽ പെൺകുട്ടികൾക്കേറ്റ തിരിച്ചടിക്ക് പകരം നല്കി ഡയരക്ഷൻ ചാത്തമംഗലത്തെ ഉജ്ജ്വല പോരാട്ടത്തിൽ പരാജയപ്പെടുത്തി പാറ്റേൺ കാരന്തൂരും കപ്പുയർത്തി. ചാമ്പ്യൻഷിപ്പിൽ നിന്ന് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 കളിക്കാരുടെ പേര് വിവരങ്ങൾ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ടി.കെ. രാഘവൻ പ്രഖ്യാപിച്ചു.
കലാശക്കളിയിൽ വിജയിച്ച ടീമംഗങ്ങൾക്ക് ബാലുശ്ശേരി എം. എൽ .എ, കെ എം സചിൻ ദേവ് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ ആധ്യക്ഷം വഹിച്ചു. സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാലൻ, എൻ.ഐ.എസ്. കോച്ചും ചാമ്പ്യൻഷിപ്പിന്റെ ജില്ല ജനറൽ കൺവീനറുമായ ഇ. അച്ചുതൻ നായർ വോളിബോൾ അക്കാദമിയുടെ ഡേ ബോഡിങ്ങ് പി. ടി. എ. അംഗം അജിത് കുമാർ എന്നിവർ സംസാരിച്ചു. നടുവണ്ണൂർ ടിയാര ഗോൾഡ് ആന്റ് ഡയമണ്ട്സ് ആണ് വിജയികൾക്കും റണ്ണറപ്പിനുമുള്ള ട്രോഫികൾ സ്പോൺസർ ചെയ്തത്.