സന്തോഷ് ട്രോഫി; സെമിയിൽ കർണാടകയെ മുട്ടുകുത്തിക്കാൻ കേരളം
പോരാട്ടം രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തിൽ
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീട പ്രതീക്ഷയുമായി കേരളം ഇന്നിറങ്ങും. ആദ്യ സെമിയിൽ കേരളം ഏറ്റുമുട്ടുന്നത് അയൽക്കാരായ കർണാടകയോട്. ഇന്ന് രാത്രി 8.30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ന് രാത്രി 8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം പിന്നീട് 9.30 ലേക്ക് മാറ്റുകയായിരുന്നു.
ഗോൾ ശരാശരിയിൽ ഒഡീഷയെ മറികടന്നാണ് കർണാടകയുടെ സെമി പ്രവേശം. എന്നാൽ തോൽവിയറിയാതെ മുന്നേറുന്ന കേരള ടീം വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. മധ്യനിരയുടെ കരുത്തിലാണ് കേരളത്തിൻ്റെ പ്രതീക്ഷ. നൗഫൽ, ജസീൽ കൂട്ടുകെട്ടിലും കേരളം അർപ്പിക്കുന്ന പ്രതീക്ഷ വളരെ വലുതാണ്. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് പുറത്തു പോകേണ്ടി വന്ന മിഥുൻ ഇന്ന് കേരളത്തിൻ്റെ വല കാക്കും.
മലയാളി ബിബി തോമസാണ് കർണാടകയുടെ പരിശീലകൻ. മാറ്റു നാലു മലയാളികളും ആദ്യ ഇലവനിൽ മൈതാനത്തിറങ്ങും. നാളെ 8.30ന് നടക്കുന്ന രണ്ടാം സെമി മത്സരത്തിൽ ബംഗാൾ മണിപ്പൂരിനെ നേരിടും. മെയ് രണ്ടിനാണ് ഫൈനൽ. എ.ഐ.എഫ്എഫിൻ്റെ ഫേസ്ബുക്ക് പേജിൽ കളി തത്സമയം കാണാം.

