സന്തോഷ് ട്രോഫി : ബംഗാളിനെ തകർത്ത് കേരളത്തിന് ഏഴാം കിരീടം
പകരക്കാരനായി ഇറങ്ങിയ സഫ്നാദ് കേരളത്തിന്റെ രക്ഷകനായി
മലപ്പുറം:സന്തോഷ് ട്രോഫി സ്വപ്ന ഫൈനലിൽ ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കേരളത്തിന് കിരീടം. നിശ്ചിത സമയത്തു തുല്യ നിലയിലായ ശേഷം അധിക സമയത്തിൽ ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ചു സമനിലയിലായി. 96-ാം മിനുട്ടിൽ ദിലീപ് ഓറന്റെ തകർപ്പൻ ഗോളിൽ ബംഗാൾ മുന്നിലെത്തിയപ്പോൾ കേരളം തോൽവി മണത്തതായിരുന്നു. കേരളത്തിന്റെ പ്രതിരോധത്തിൽ വന്ന വീഴ്ചയാണ് ഗോളിന് വഴി തുറന്നത്.എന്നാല്‍ അധിക സമയത്തിന്റെ പകുതിയുടെ തുടക്കത്തില്‍ കേരളം ഗോള്‍ തിരിച്ചടിച്ചു. കേരളത്തിന്റെ ഏഴാം കിരീട വിജയമാണിത്. തുടർച്ചയായി രണ്ടാം തവണയാണ് ബംഗാൾ കേരളത്തോട് തോൽക്കുന്നത്.
മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കലാശപ്പോര് ആരംഭിച്ചത്.ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. എന്നാൽ അധിക സമയത്ത് ഒരു ഗോളിന് പിറകിലായ ശേഷം കേരളം പൊരുതി കയറുകയായിരുന്നു. വയനാട്ട് കാരനായ സഫ്നാദാണ് കേ രളത്തിന് സമനില ഗോൾ സമ്മാനിച്ചത്. 32-ാം മിനുട്ടിൽ കേരളത്തിന് ലഭിച്ച സുവർണാവസരം വിഘ്നേഷ് പാഴാക്കി. ഗോളി മാത്രം മുന്നിൽ നിൽക്കെ വിഘ്നേഷിന്റെ ഷോട്ട് പുറത്തേക്ക് . 33-ാം മിനുട്ടിൽ സഞ്ജുവിന്റെ അളന്നു മുറിച്ച ഷോട്ട് ബംഗാൾ ഗോളി തടഞ്ഞു. 36ാം മിനുട്ടിൽ ബംഗാളിന്റെ ഫർദിൻ അലിയുടെ വെടിയുണ്ട കേരള ഗോളി മിഥുൻ തടുത്തു. വിഘ്നേഷിനും നിജോ ഗിൽബർ ട്ടിനും പകരക്കാരായി ടി കെ ജസിനും പി എൻ നൗഫലും ഇറങ്ങി. 43-ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്കും കേരളത്തിന് ഗോളാക്കാനായില്ല.
സെമിയിൽ കർണാടകയെ 7–-3ന് തകർത്താണ് ആതിഥേയർ കുതിച്ചത്. ബംഗാൾ മണിപ്പുരിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു. കേരളത്തിനിത് 15–-ാം ഫൈനൽ. ബംഗാളിന് 46. ബിനോ ജോർജിന്റെ ശിക്ഷണത്തിൽ ജിജോ ജോസഫ് നയിക്കുന്ന സംഘം ഗ്രൂപ്പ് മത്സരത്തിൽ ബംഗാളിനെ രണ്ടുഗോളിന് തോൽപ്പിച്ചിരുന്നു. കേരള ടീമിന്റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടീം അംഗങ്ങളെ അഭിനന്ദിച്ചു.

