സന്തോഷ് ട്രോഫി; ഏഴാം കിരീടത്തിനായി കേരളം ഇന്നിറങ്ങും
ഫൈനലിൽ കേരളം വെസ്റ്റ് ബംഗാളിനെ നേരിടും
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിനായി കേരളം ബൂട്ടണിയും. കരുത്തരായ വെസ്റ്റ് ബംഗാളിനെയാണ് കേരളത്തിന് തളയ്ക്കേണ്ടത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് എട്ടിനാണ് മത്സരം. കേരളത്തിന്റെ 15-ാം ഫൈനലാണിത്.
ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ഇത്തവണ ബൂട്ടുകെട്ടുന്നത്. മറുവശത്ത് ടൂർണമെന്റിന്റെ ചരിത്രത്തിലെ 45 ഫൈനലുകളിൽ 32 തവണയും ജേതാക്കളായ വെസ്റ്റ് ബംഗാൾ. സന്തോഷ് ട്രോഫി ഫൈനലിൽ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. എന്നാൽ, 2018-ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം സ്വന്തമാക്കിയത്. നിലവിൽ കേരള ഗോൾകീപ്പറായ വി. മിഥുനാണ് അന്ന് കേരളത്തിനെ കിരീടമണിയിച്ചത്.
തോൽവിയറിയാതെയെത്തിയ കേരള ടീം സെമിയിൽ കർണാടകയ്‌ക്കെതിരേ തകർപ്പൻ ജയം നേടിയാണ് കലാശപ്പോരിനിറങ്ങുന്നത്. മുന്നേറ്റ നിറയ്ക്കൊപ്പം ക്യാപ്റ്റൻ ജിജോ ജോസഫും അർജുൻ ജയരാജും മുഹമ്മദ് റാഷിദും അടങ്ങുന്ന മധ്യനിരയിലുമാണ് കേരളത്തിൻ്റെ പ്രതീക്ഷ.

