ഓസ്ട്രേലിയക്ക് എതിരെയുള്ള 20-20 പരമ്പര ഇന്ത്യ നേടി
36 പന്തിൽ നിന്ന് 69 റൺസ് എടുത്ത് സൂര്യകുമാർ താരമായി
ഹൈദരാബാദ്: ആദ്യ കളിയിലെ പതർച്ചക്കു ശേഷം അതിശക്ത മായി തിരിച്ചുവന്ന ഇന്ത്യ ഓസ്ട്രേലിയക്കെതിരെയുള്ള 20 20 പരമ്പരയിൽ മൂന്നാമത്തെയും അവസാനത്തെയും കളി ആധികാരികമായി ജയിച്ചു. ക്രീസിൽ വെടിക്കെട്ടു നടത്തിയ സൂര്യകുമാർ യാദവിന്റെ സുന്ദര ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് വീഴ്‌ത്തിയാണ് ഇന്ത്യ മൂന്ന് മത്സര ട്വന്റി–20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയത് (2–1).ആദ്യ കളി തോറ്റശേഷമാണ് രോഹിത് ശർമയുടെയും കൂട്ടരുടെയും തിരിച്ചുവരവ്. സൂര്യകുമാർ നേടിയത് 36 പന്തിൽ 69 റൺ. അഞ്ചുവീതം സിക്‌സറും ഫോറും അകമ്പടിയായി. വിരാട് കോഹ്‌ലി (48 പന്തിൽ 63) പിന്തുണ നൽകി. സ്‌കോർ: ഓസീസ് 7–-186, ഇന്ത്യ 4–-187 (19.5).
അവസാന ഓവറിൽ 11 റൺ വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. ഡാനിയേൽ സാംസിന്റെ ആദ്യ പന്തിൽ സിക്‌സർ പറത്തിയ കോഹ്‌ലി രണ്ടാംപന്തിൽ പുറത്തായി. മൂന്നാം പന്തിൽ ദിനേശ് കാർത്തിക് ഒരു റൺ നേടി. പിന്നീട് ഹാർദിക് പാണ്ഡ്യ (16 പന്തിൽ 25*). ആ പന്തിൽ റണ്ണൊന്നും നേടിയില്ല. ഇന്ത്യക്ക് രണ്ട് പന്തിൽ 4 റൺ. അഞ്ചാം പന്തിൽ ഫോർ പായിച്ച് പാണ്ഡ്യ ജയം സമ്മാനിച്ചു.
ഓപ്പണർമാരായ ക്യാപ്‌റ്റൻ രോഹിതും (17) ലോകേഷ് രാഹുലും (1) തുടക്കമേ മടങ്ങിയെങ്കിലും സൂര്യകുമാറും കോഹ്‌ലിയും ജയത്തിന് അടിത്തറയിട്ടു. നാലാം ഓവറിൽ ഒത്തുചേർന്ന ഇരുവരും 10 ഓവർ ക്രീസ് പങ്കിട്ടു. ആ 62 പന്തിൽ പിറന്നത് 102 റൺ. ഓസീസ് ബൗളർമാർക്ക് ഒരുപഴുതും നൽകാതെയാണ് സൂര്യകുമാർ ബാറ്റേന്തിയത്.
ഏഷ്യാ കപ്പിലെ നിരാശ മായ്‌ക്കുന്നതായി ലോകചാമ്പ്യൻമാർക്കെതിരായ പരമ്പര വിജയം. ഒക്‌ടോബറിൽ അരങ്ങേറുന്ന ലോകകപ്പാണ് ലക്ഷ്യം. അതിനുമുമ്പ് ദക്ഷിണാഫ്രിക്കയുമായും കളിയുണ്ട്.

