രണ്ടാം വിജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തിൽ; എതിരാളികൾ എ.ടി.കെ മോഹൻ ബഗാൻ
കലൂർ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴരയ്ക്കാണ് മത്സരം

കൊച്ചി: ഐ.എസ്.എല്ലിൽ തുടർച്ചയായ രണ്ടാം ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടത്തിനിറങ്ങും. എ.ടി.കെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഇന്ന് രാത്രി ഏഴരയ്‌ക്ക് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ ഹോം മത്സരത്തിൽ 3-1ന് ഈസ്റ്റ് ബംഗാളിനെ തകർത്ത ആത്മവിശ്വാസവുമായാണ് മറ്റൊരു ഹോം മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോൾ നേടിയ ഇവാൻ കലുഷ്‌നി ആദ്യ ഇലവനിൽ ഇറങ്ങുമെന്നാണ് വിവരം. അപ്പോസ്തനോസ് ജിയാനുവിനെ മാറ്റി ജീക്സൻ സിംഗും സഹൽ അബ്ദുൾ സമദും ഇന്ന് മൈതാനത്തിറങ്ങും.
അതേസമയം, സീസണിലെ ആദ്യ ജയം തേടിയാണ് എ.ടി.കെ മോഹൻ ബഗാൻ കലൂരിൽ പന്തു തട്ടുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈയിനോട് തോറ്റെങ്കിലും ആത്മവിശ്വാസം കൈവിടാതെ മികച്ച താരനിരയാണ് എ.ടി.കെ മോഹൻ ബഗാൻ ഇറങ്ങുന്നത്. ഇതുവരെ നാലു മത്സരങ്ങളിൽ ഇരുടീമുകളും നേർക്കുനേർ വന്നെങ്കിലും ഒരു മത്സരത്തിൽ പോലും ബ്ലാസ്റ്റേഴ്സിന് ജയിക്കാനായിട്ടില്ല.