തനിയാവർത്തനം വീണ്ടും; ജർമ്മനിയെ തകർത്തെറിഞ്ഞ് ജപ്പാൻ
ഖത്തറിൽ തുടർച്ചയായ രണ്ടാം ദിനവും ഏഷ്യൻ കുതിപ്പ്
ദോഹ:ഏഷ്യാ ഭൂഖണ്ഡത്തിന്റെ കരുത്തറിയിച്ച് അർജൻറീനയെ അട്ടിമറിച്ച സൗദി വിജയത്തിൻറെ തുടർച്ചയായി ജപ്പാനു മുന്നിൽ ജർമ്മനിയും വീണു. കഴിഞ്ഞ ദിവസത്തെ അർജൻറീന സൗദി കളിയുടെ തനിയാവർത്തനം പോലെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം അതിശക്തമായി തിരിച്ചടിച്ച് ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയം പിടിച്ചു പറ്റുകയായിരുന്നു. പലതവണ ഓങ്ങിവച്ച ഗോൾ ഒടുവിൽ ജർമൻ വലയിൽ നിക്ഷേപിച്ച് ജപ്പാനും ഏഷ്യ ഭൂഖണ്ഡത്തിന്റെ കരുത്തറിയിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ തീർത്തും മങ്ങിയ പ്രകടനവുമായി ഒരു ഗോളിനു പിന്നിലായെങ്കിലും, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ജപ്പാന് ജർമനിക്കെതിരെ രണ്ടു ഗോളാണ് നേടിയത്. പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി.
പന്തടക്കത്തിലും ആക്രമണത്തിലും ജർമനി ബഹുദൂരം മുന്നിൽ നിൽക്കുന്ന മത്സരത്തിലുടനീളം പിടിപ്പതു പണിയായിരുന്നു ജപ്പാൻ പ്രതിരോധത്തിന്. ജർമനിയുടെ തുടർച്ചയായ ആക്രമണ ങ്ങളായിരുന്നു ആദ്യ പകുതിയുടെ ഹൈലൈറ്റ്. ജർമനി പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും ജപ്പാന്റെ പ്രതിരോധം പിളർത്താനായില്ല. ഇതിനിടെയാണ് ജർമനിക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്.

