ലോകകപ്പിൽ ഇന്ന് ബ്രസീൽ - സ്വിറ്റ്സർലൻഡ് പോരാട്ടം; ബ്രസീൽ മൈതാനത്തിറങ്ങുന്നത് നെയ്മറില്ലാതെ
ലൂയിസ് സുവാരസും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ

ദോഹ: പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസീൽ രണ്ടാം പോരാട്ടത്തിനിറങ്ങുന്നത് നെയ്മറില്ലാതെ. സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ കണങ്കാലിനേറ്റ പരിക്ക് മൂലം താരത്തിന് അടുത്ത രണ്ടു കളികളും നഷ്ടമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റസര്‍ലന്‍ഡാണ് ബ്രസീലിന്റെ എതിരാളികള്‍.
വിജയം അനിവാര്യമായ മത്സരത്തില്‍ ടീമിന്റെ ഗെയിം പ്ലാനിലും തന്ത്രങ്ങളിലും പരിശീലകന്‍ ടിറ്റെ വരുത്തുന്ന മാറ്റങ്ങളാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2014 ലോകകപ്പില്‍ നെയ്മറിനേറ്റ പരിക്കാണ് ബ്രസീലിനെ തലർത്തിയത്. എന്നാല്‍ 2014ന് ശേഷം നെയ്മറില്ലാത്ത ബ്രസീല്‍ ടീമിനെയാണ് 25 മത്സരങ്ങളില്‍ ടിറ്റെ അണിനിരത്തിയത്. നെയ്മറില്ലാതെയും ബ്രസീലിന് കളിച്ചു ജയിക്കാമെന്ന് 2019 കോപ്പ അമേരിക്ക മത്സരങ്ങളില്‍ ടിറ്റെ തെളിയിച്ചിട്ടുണ്ട്. സെമിയില്‍ അര്‍ജന്റീനയെയും ഫൈനലില്‍ പെറുവിനെയും തോല്‍പ്പിച്ചാണ് അന്ന് ബ്രസീല്‍ കിരീടം ചൂടിയത്.
ഇന്നത്തെ മത്സരം പോർച്ചുഗലിനും നിർണായകമാവും. അര്‍ദ്ധരാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഉറുഗ്വേയാണ് പോര്‍ച്ചുഗലിന്റെ എതിരാളി. ദക്ഷിണ കൊറിയയ്‌ക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയതിനു ശേഷം ആദ്യജയം ലക്ഷ്യമിട്ടാണ് ഉറുഗ്വേ മത്സരത്തിനിറങ്ങുക. അതേസമയം ഇന്നത്തെ മത്സരത്തിൽ ലൂയി സുവാരസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.