സ്വിറ്റ്സർലൻിനെ തകർത്ത് കാനറികൾ പ്രീക്വാർട്ടറിൽ
വിജയം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോ തൊടുത്ത പന്തിൽ

ദോഹ: കണക്കുകള്‍ തെറ്റിക്കാതെ പ്രീക്വാർട്ടറിലേക്ക് ചിറക് വിരിച്ച് കാനറികൾ. മുന്നേറ്റക്കാര്‍ പരാജയപ്പെട്ടിടത്ത് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോയുടെ കാലുകൾ ലക്ഷ്യം കണ്ടു. ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പ്രതിരോധത്തിൻ്റെ കരുത്തും ഒറ്റപ്പെട്ട ആക്രമണവും കൊണ്ട് ചിലപ്പോഴൊക്കെ വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്സര്‍ലഡിനെ ഒരു ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറില്‍ ഒരാളായത്. മത്സരത്തിന്റെ എണ്‍പത്തിമൂന്നാം മിനിറ്റിലായിരുന്നു കാസെമിരോയുടെ ഗോൾ പിറന്നത്. ബോക്സില്‍ നിന്ന് തൊടുത്ത വലങ്കാല്‍ ഹാഫ് വോളി അകഞ്ചിയുടെ ദേഹത്ത് ഒന്നുരഞ്ഞ് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു. നേരത്തെ വിനീഷ്യസ് ജൂനിയര്‍ ഒരു തവണ കുലുക്കിയെങ്കിലും റിച്ചാര്‍ലിസണ്‍ ഓഫ് ആയതിനെ തുടര്‍ന്ന് അത് പാഴാവുകയായിരുന്നു.
പരിക്കേറ്റ നെയ്മർ കളിക്കളത്തിൽ ഇല്ലാതെയാണ് ഇന്ന് ബ്രസീൽ ഏറ്റുമുട്ടാനിറങ്ങിയത്. നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും ടീമിലിടം നേടി. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയ്ക്ക് പകരം ഫാബിയാന്‍ റീഡര്‍ക്ക് അവസരം നല്‍കി. ഇരുടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചതോടെ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുവരും പാടുപെട്ടു. 27-ാം മിനിറ്റിൽ പിറന്ന ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ബ്രസീലിന്റെ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിന് അവസരം മുതലാക്കാനായില്ല.
64-ാം മിനിറ്റില്‍ ബ്രസീല്‍ ഗോളടിച്ചെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. കാസെമിറോയുടെ പാസില്‍ വിനീഷ്യസ് ജൂനിയറാണ് വലകുലുക്കിയത്. ഗോള്‍ അനുവദിക്കുകയും ചെയ്തു. എന്നാൽ വാറിലൂടെ രംഗം പുനഃപരിശോധിച്ചപ്പോള്‍ റഫറി ഗോള്‍ നിരസിച്ചു.