headerlogo
sports

കൊറിയയെ തകർത്തിട്ട് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

ഗോളിൽ ആനന്ദ നൃത്തമാടി ബ്രസീൽ;ആദ്യപകുതിയിൽ തന്നെ നാല് ഗോൾ

 കൊറിയയെ തകർത്തിട്ട് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ
avatar image

NDR News

06 Dec 2022 05:49 AM

ദോഹ :ഒന്നൊന്നായി തുന്നിയെടുത്ത നീക്കങ്ങളിൽ കളംവരച്ച ബ്രസീൽ ഏഷ്യയുടെ പ്രതീക്ഷയായ ദക്ഷിണ കൊറിയയുടെ പോരാട്ടത്തെ പ്രീ ക്വാർട്ടറിൽ അവസാനിപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. ഒന്നിനെതിരെ നാല്‌ ഗോളിനാണ്‌  കൊറിയയെ ബ്രസീൽ തീർത്തു കളഞ്ഞത്‌. വിനീഷ്യസ്‌ ജൂനിയറും നെയ്‌മറും ലൂകാസ്‌ പക്വേറ്റയും റിച്ചാർലിസണുമാണ്‌  മുൻ ചാമ്പ്യൻമാർക്കായി ഗോൾ തൊടുത്തത്‌. ദക്ഷിണ കൊറിയയുടെ ഒറ്റ മറുപടി പയ്‌ക്‌ സിയുങ്‌ ഹോയുടെ വകയായിരുന്നു. ഈ മാസം ഒമ്പതിന്‌ നടക്കുന്ന ക്വാർട്ടറിൽ ക്രൊയേഷ്യയാണ്‌ ബ്രസീലിന്റെ എതിരാളികൾ.ജപ്പാന്‌ പിന്നാലെ കൊറിയയും പുറത്തായതോടെ ലോകകപ്പിൽ ഏഷ്യൻ പോരാട്ടം അവസാനിച്ചു.

         ഗ്രൂപ്പു ഘട്ടത്തിലെ അവസാന കളിയിൽ പോർച്ചുഗലിനെ കീഴടക്കി നോക്കൗട്ടിലെത്തിയ കൊറിയക്ക്‌ ബ്രസീലിനെതിരെ ആ കളിമിടുക്കുണ്ടായില്ല. പരിക്കുമാറിയ നെയ്‌മറും വിശ്രമത്തിലായിരുന്ന റിച്ചാർലിസണും വിനീഷ്യസ്‌ ജൂനിയറും കളത്തിലെത്തിയതോടെ ബ്രസീൽ സംഹാര രൂപികളായി. അവസാന കളിയിൽ കാമറൂണിനോട്‌ തോറ്റതിന്റെ നിരാശ എവിടെയുമുണ്ടായില്ല. കൊറിയ ഒറ്റപ്പെട്ട ലോങ്‌ റേഞ്ച്‌ ഷോട്ടുകളിൽ പരീക്ഷണം നടത്തിയെങ്കിലും ബ്രസീൽ ഗോൾ കീപ്പർ അലിസൺ ബക്കറെ തുടക്കത്തിൽ മറികടക്കാനായില്ല അവർക്ക്‌ .കളി തുടങ്ങി ഏഴാം മിനിറ്റിൽ കൊറിയൻ വലയിൽ പന്തെത്തി. വലതു പാർശ്വത്തിൽ റഫീന്യയും ഇടതുഭാഗത്ത് വിനീഷ്യസും പന്തൊഴുക്കി. കൊറിയൻ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ റഫീന്യ ഗോൾമുഖത്തേക്ക് ക്രോസ് തൊടുത്തു. തട്ടിത്തെറിച്ച പന്ത് നെയ്മർ വിനീഷ്യസിലേക്ക് കൈമാറി.ലോകകപ്പിൽ വിനീഷ്യസിന്റെ ആദ്യഗോൾ അവിടെ കണ്ടു. അതൊരു തുടക്കം മാത്രമായിരുന്നു.

         റിച്ചാർലിസണെ ബോക്സിൽ വീഴ്ത്തിയതിന് പെനൽറ്റി. നെയ്മറുടെ കിക്ക് വലയിൽ. അരമണിക്കൂറിനുള്ളിൽ വീണ്ടും ബ്രസീൽ ആക്രമണം. ഇക്കുറി ഒന്നാന്തരം ടീം ഗോൾ. റിച്ചാർലിസണിൽ നിന്ന് തുടക്കം. മനോഹരമായ നീക്കത്തിൽ കൊറിയൻ പ്രതിരോധത്തെ പിന്നിലാക്കി റിച്ചാർലിസൺ മാർക്വിന്യോസിലേക്ക് പന്ത് കൈമാറി. ബോക്സിന് മുന്നിൽവച്ച് തിയാഗോ സിൽവ. അപ്പോഴേക്കും റിച്ചാർലിസൺ അവിടെയെത്തി. പന്ത് നിയന്ത്രിച്ച് ഒന്നാന്തരം ഷോട്ട്. ബ്രസീൽ 3-- ദക്ഷിണ കൊറിയ 0. ആദ്യപകുതി അവസാനിക്കും മുമ്പ് നാലാംഗോളും വീണു.

         ഇടവേളയ്ക്കുശേഷം കൊറിയ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു. ബോക്സിലേക്ക് ചില സമയത്തെങ്കിലും കടന്നുകയറാൻ അവർക്ക് കഴിഞ്ഞു. പക്ഷേ, അവിടെ അലിസൺ തടസമായി. എന്നാൽ 78-ാം മിനിറ്റിൽ അവർ ആശ്വാസം കണ്ടെത്തി. ഫ്രീകിക്കിൽ തട്ടിത്തെറിച്ച പന്ത് പയ്ക് സിയുങ് ഹോ തൊടുത്തു. മനോഹരമായ ഹാഫ് വോളി ഒടുവിൽ അലിസണെ കീഴടക്കി.

 

 

 

NDR News
06 Dec 2022 05:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents