അധിക്ഷേപ പോസ്റ്റിട്ട നടന്‍ വിനായകന്റെ വീടിനു നേരെ ആക്രമണം
ഉമ്മന്‍ ചാണ്ടിക്കനുകൂലമായ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സംഘം എത്തിയത്
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന്‍ വിനായകന്റെ വീടിനു നേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഉമ്മന്‍ ചാണ്ടിക്കനുകൂലമായ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സംഘം എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
വൈകിട്ട് നാലുമണിയോടെ എത്തിയ സംഘം ഫ്‌ളാറ്റിലെ ജനലിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസും ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് അക്രമികളെ പിടിച്ചുനീക്കിയത്. സംഭവത്തില്‍ നടന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുമെന്നാണ് വിവരം.
അതേസമയം ഫേസ്ബുക്കിലൂടെ ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം ഡിസിസി ഉള്‍പ്പടെ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് നടന്‍ പറഞ്ഞത്.

